പോലീസ് ബസ് തകർത്തു, കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചിട്ടും മാറാതെ പ്രതിഷേധക്കാർ; ഡൽഹിയിൽ സമരം കനക്കുന്നു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ കൊണ്ടുവന്ന ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്. എ.ഐ.എസ്.എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയിൽ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പോലീസിൽ പരാതി നൽകി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ വിട്ടയച്ചു. എന്നാൽ, നേഹയുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധം നടക്കുകയാണ്. ആം ആദ്മി പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. നാലു ബസുകളിലായാണ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് നീക്കിയത്. ഇന്ത്യ ഗേറ്റിൽനിന്നും ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ഔദ്യോഗിക ഉത്തരവ്ലംഘനം, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബി.എൻ.എസ് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എഫ്.ഐ.ആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ, എഫ്.ഐ.ആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരോട് പുരുഷ പോലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സി.ജെ.പിയും ഐസയും രംഗത്തെത്തി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.