‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കയ്യിലെ പാവ, പദവിയിൽ തുടരാൻ അർഹതയില്ല, ഉടൻ നീക്കണം’: മല്ലികാർജുൻ ഖാർഗെ
മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബിജെപിയുടെ കയ്യിലെ പാവയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ (CWC) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികൾ ഏകപക്ഷീയവും അനുചിതവുമാണെന്ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട വാർത്ത ചൂണ്ടിക്കാട്ടി ഖാർഗെ പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നിരന്തരമായ ശ്രമങ്ങളെന്ന് ഇപ്പോൾ വ്യക്തമാണ്. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഉടൻ പദവിയിൽനിന്ന് നീക്കം ചെയ്യണം.
സ്വന്തം സഹപ്രവർത്തകർക്ക് പോലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിശ്വാസമില്ല. രാജ്യത്തെ യുവാക്കൾ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കും. വോട്ടവകാശം ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകങ്ങളിലൊന്നാണ്. അർഹതയുള്ള ഒരു വോട്ടറെയും ഏകപക്ഷീയമായി ഒഴിവാക്കരുതെന്നും ഖാർഗെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് 5 നിർദേശങ്ങൾ ഖാർഗെ മുന്നോട്ടുവെച്ചു:
- വോട്ടർപട്ടികയിൽ വരുത്തുന്ന എല്ലാ വലിയ മാറ്റങ്ങളുടെയും പൂർണമായ വിവരങ്ങൾ പരസ്യപ്പെടുത്തണം.
- പേരുകൾ നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് കൃത്യമായ അറിയിപ്പും അപ്പീൽ നൽകാനുള്ള അവസരവും ലഭ്യമാക്കണം.
- രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടികയും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ലളിതമായ മാതൃകയിൽ കൃത്യസമയത്ത് ലഭ്യമാക്കണം.
- ഗുരുതരമായ ക്രമക്കേടുകൾക്ക് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണം.
- തീരുമാനങ്ങളിൽ സുതാര്യത ഉണ്ടാകണം.