‘വി.വി. രാജേഷ് മകനെപ്പോലെ, അദ്ദേഹം പ്രധാനമന്ത്രി വരെയും ആകും’; മേയറെ പ്രശംസിച്ച് മല്ലിക സുകുമാരൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷ് തനിക്ക് മകനെപ്പോലെയാണെന്നും അദ്ദേഹം ഭാവിയിൽ കേന്ദ്രമന്ത്രിയും തുടർന്ന് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാമെന്നും നടി മല്ലിക സുകുമാരൻ. മേയറുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ആറ്റുകാൽ പൊങ്കാലയ്ക്കായി മേയർ മുന്നോട്ടുവെച്ച ഇരുമ്പ് അടുപ്പ് പദ്ധതിയിലേക്ക് രണ്ടായിരം അടുപ്പുകൾ താനോ മക്കളോ നൽകുമെന്നും മല്ലിക സുകുമാരൻ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണിക്കുകയാണെന്ന് മേയർ വി.വി. രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചുടുകല്ലടുപ്പുകൾ നീക്കം ചെയ്യുന്നതിന് വലിയ തുക ചെലവാകുന്നത് ഒഴിവാക്കാനാണ് മേയർ ഈ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ആര് നല്ലത് ചെയ്താലും രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് തന്റെ ശീലമെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. അതേസമയം, ആരെങ്കിലും കൊള്ളരുതായ്മ ചെയ്താൽ വിമർശിക്കുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.