24/11/2026
[fontresizer_tawhidurrahmandear_widget]

‘ജെവാർ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരാക്കി; പൊതുപദ്ധതികൾക്ക് സ്വന്തം പേരിടുന്നത് നിരസിച്ച നെഹ്‌റു ഭരിച്ചിരുന്ന ഒരു കാലവും ഈ രാജ്യത്തുണ്ടായിരുന്നു’; വിമർശനവുമായി ജയറാം രമേശ്

 ‘ജെവാർ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരാക്കി; പൊതുപദ്ധതികൾക്ക് സ്വന്തം പേരിടുന്നത് നിരസിച്ച നെഹ്‌റു ഭരിച്ചിരുന്ന ഒരു കാലവും ഈ രാജ്യത്തുണ്ടായിരുന്നു’; വിമർശനവുമായി ജയറാം രമേശ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ജെവാർ വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്’ എന്ന് പേര് മാറ്റിയിരിക്കുകയാണെന്നും, എന്നാൽ പൊതുപദ്ധതികൾക്ക് തന്റെ പേരിടാനുള്ള നിർദേശങ്ങൾ നിരസിച്ച ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന ഒരു കാലവും ഈ രാജ്യത്തുണ്ടായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 1949-ൽ ഹൈദരാബാദിലെ ഫത്തേ മൈതാനത്തിന് തന്റെ പേര് നൽകാനുള്ള നീക്കം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിരസിച്ചിരുന്നതായും, 1956-ൽ ജമ്മു കശ്മീരിലെ ബനിഹാൽ തുരങ്കത്തിന് തന്റെ പേരിടാനുള്ള നിർദേശം അദ്ദേഹം തടഞ്ഞിരുന്നതായും കോൺഗ്രസ് ഓർമ്മിപ്പിച്ചു.

2026 മാർച്ച് 28-ന് പതിവ് ആഘോഷങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിവാദങ്ങൾക്കിടയിൽ ഏറ്റെടുത്ത 3,000 ഏക്കറിലധികം ഭൂമിയിലാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വ്യാപിച്ചുകിടക്കുന്നതെന്നും, ഇതിനായി 30,000 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എന്നിട്ടും, ഇതുവരെ ഒരു ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനം പോലും അവിടെ നിന്ന് സർവീസ് നടത്തിയിട്ടില്ല. യാത്രക്കാരുടെ തിരക്കും വളരെ കുറവാണ്. എന്നിരുന്നാലും, വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട് നോയിഡ-ജെവാർ’ എന്ന് പുനർനാമകരണം ചെയ്യുന്നതിന് ഇതൊന്നും തടസ്സമായില്ല,” ജയറാം രമേശ് പരിഹസിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളത്തിനും ശേഷം ഇനി അടുത്തത് എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

1960-കളുടെ തുടക്കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.സി. ചാഗ്ല തന്റെ ആത്മകഥയായ ‘റോസസ് ഇൻ ഡിസംബറിൽ’ രേഖപ്പെടുത്തിയ ഒരു സംഭവവും ജയറാം രമേശ് എടുത്തുപറഞ്ഞു. രാജ്യതലസ്ഥാനത്ത് നിർദേശിക്കപ്പെട്ട രണ്ടാമത്തെ സർവകലാശാലയ്ക്ക് അന്നത്തെ പ്രധാനമന്ത്രിയുടെ പേര് നൽകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ നെഹ്‌റു ആ ആശയം ഉടൻ തന്നെ നിരസിക്കുകയായിരുന്നുവെന്നുമാണ് ചാഗ്ല ആത്മകഥയിൽ എഴുതിയിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബറിലാണ് ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ‘നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്, നോയിഡ-ജെവാർ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഉത്തർപ്രദേശിന് ലഭിച്ച വലിയൊരു സമ്മാനമായ ഈ വിമാനത്താവളത്തിന് സംസ്ഥാന മന്ത്രിസഭ പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രമായും ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2021 നവംബർ 25-നാണ് ജെവാറിലെ ഗ്രീൻഫീൽഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. തുടർന്ന് 2026 മാർച്ച് 28-ന് ഒന്നാം ഘട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും, ജൂൺ 15-ന് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്തു.

Also read: