‘ഗ്യാനേഷ് തെഫ്റ്റ് അറേഞ്ചേഴ്സ്’; ‘മോദിയും അമിത് ഷായും ഗൂഢമായ എന്തോ ആസൂത്രണം ചെയ്യുകയാണ്’; വിമർശനവുമായി ജയറാം രമേശ്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്വയം പുകഴ്ത്തുന്നതിൽ കുടുങ്ങിയിരിക്കുകയോ, അല്ലെങ്കിൽ ഗൂഢമായ എന്തോ ഒന്ന് ആസൂത്രണം ചെയ്യുകയോ ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ ‘ജി.ടി.എ 6’ എന്ന വീഡിയോ ഗെയിമിന്റെ പേരിനോട് ചേർത്ത് ‘ഗ്യാനേഷ് തെഫ്റ്റ് അറേഞ്ചേഴ്സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഗ്യാനേഷ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ബന്ധത്തെ ജയറാം രമേശ് എക്സിലൂടെ പരിഹസിച്ചത്. എന്തായാലും താരങ്ങളുടെ തനിനിറം പുറത്തായെന്നും, ഈ പൈശാചിക കൂട്ടുകെട്ടിന്റെ തന്ത്രങ്ങൾ കാരണം പാർലമെന്റിന്റെ അന്തസ്സ് ഇടിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ ശീതകാല സമ്മേളനവും വർഷകാല സമ്മേളനവും എപ്പോഴാണ് നടക്കുന്നതെന്ന് അറിയാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. “ശീതകാല സമ്മേളനം നടക്കുന്നുണ്ടെങ്കിൽ അത് എപ്പോഴായിരിക്കുമെന്നും, ഇതുവരെ പിരിച്ചുവിടാത്ത വർഷകാല സമ്മേളനം വീണ്ടും ചേരാൻ പോകുന്നുണ്ടെങ്കിൽ അത് എപ്പോഴാണെന്നും അറിയാൻ രാജ്യത്തിന് അവകാശമുണ്ട്. ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനുള്ള ഇരുവരുടെയും തീവ്രശ്രമങ്ങൾ കണ്ടുകഴിഞ്ഞ സ്ഥിതിക്ക്, മണ്ഡല പുനർനിർണയത്തിനായി മോദിയും അമിത് ഷായും എന്തെങ്കിലും ഫോർമുല തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അതും അറിയാൻ രാജ്യത്തിന് അവകാശമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
“ഇരുവരും തുടരുന്ന ഈ അനിശ്ചിതത്വം രണ്ട് കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒന്നുകിൽ ഇരുവരുടെയും കൂട്ടുകെട്ട് സ്വയം വീമ്പിളക്കുന്നതിൽ മാത്രം ഒതുങ്ങിയിരിക്കുന്നു, അല്ലെങ്കിൽ വളരെ ഗൂഢമായ എന്തോ ഒന്ന് ആസൂത്രണം ചെയ്യുകയായിരിക്കും. ഇതിനോടകം തന്നെ ക്ഷയിച്ചുതുടങ്ങിയ പാർലമെന്റ് ഈ പൈശാചിക കൂട്ടുകെട്ടിന്റെ തന്ത്രങ്ങൾ കാരണം വീണ്ടും ഇടിയുകയാണ്,” ജയറാം രമേശ് കൂട്ടിച്ചേർത്തു. പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 100 ദിവസം പിന്നിട്ടിട്ടും, മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് മോദിയും അമിത് ഷായുമെന്ന് കോൺഗ്രസ് ശനിയാഴ്ച ആരോപിച്ചിരുന്നു.