21/11/2026
[fontresizer_tawhidurrahmandear_widget]

‘കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചെങ്കിൽ, ലഹരിയെന്ന ഭീഷണിയെ മറികടക്കാനും കഴിയും’; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ മോദി

 ‘കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചെങ്കിൽ, ലഹരിയെന്ന ഭീഷണിയെ മറികടക്കാനും കഴിയും’; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ മോദി

ന്യൂഡൽഹി: രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ശക്തവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലിസം തിരികെ വരുന്നത് തടയാനും ദാരിദ്ര്യനിർമാർജനം വേഗത്തിലാക്കാനും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ-ഇന്ത്യ ഉച്ചകോടിക്ക് ശേഷം തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു യോഗം.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ ഠാക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ലഹരി വിരുദ്ധ പ്രചാരണം പൂർണമായി വിജയിപ്പിക്കാൻ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിച്ച അദ്ദേഹം, പട്ടിണി പോലെ ലഹരിയുടെ ഭീഷണിയും ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി. “കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സർക്കാരിന് സാധിച്ചെങ്കിൽ, ലഹരിയെന്ന ഭീഷണിയെ മറികടക്കാൻ കഴിയാതിരിക്കാൻ യാതൊരു കാരണവുമില്ല,” മോദിയുടെ വാക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഹരി ഉപയോഗവും അത് തടയുന്നതിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പ്രധാന ചർച്ചാവിഷയമായ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും നക്സലിസം ഇല്ലാതാക്കിയതുമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. 2011-നും 2023-നും ഇടയിൽ 50 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായും, ഇതോടെ രാജ്യത്തെ കടുത്ത ദാരിദ്ര്യ നിരക്ക് 90 ശതമാനം കുറഞ്ഞ് ജനസംഖ്യയുടെ 38-ൽ ഒന്നായി താഴ്ന്നതായും ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പതിറ്റാണ്ടുകളായി ‘ഗരീബി ഹഠാവോ’ വെറും മുദ്രാവാക്യം മാത്രമായി അവശേഷിച്ചപ്പോൾ, ക്ഷേമ പദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാൻ നിലവിലെ സർക്കാരിന് സാധിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ബാങ്കിങ് ശൃംഖലയുടെ വിപുലീകരണവും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികളും ഇതിന് വേഗം നൽകി. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ സാധിക്കുമെന്നും, ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ലക്ഷ്യത്തിനായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമാക്കിയ പ്രദേശങ്ങളിൽ ഒരു തരത്തിലും അക്രമമോ നക്സലിസമോ തിരിച്ചുവരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Also read: