21/11/2026
[fontresizer_tawhidurrahmandear_widget]

ഗുജറാത്ത് കലാപം: ‘മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോൺഗ്രസ് നേതാക്കൾ’; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലമെന്ന് വീരപ്പ മൊയ്‌ലി

 ഗുജറാത്ത് കലാപം: ‘മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോൺഗ്രസ് നേതാക്കൾ’; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലമെന്ന് വീരപ്പ മൊയ്‌ലി

ബംഗളൂരു: ഗുജറാത്ത് കലാപക്കേസിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞതിനു പിന്നിൽ ചില കോൺഗ്രസ് നേതാക്കൾ ആയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എം. വീരപ്പ മൊയ്‌ലി. യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നു സംഭവം. ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടക പി.സി.സി ഓഫീസിൽ സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൊയ്‌ലി. 2010-11 കാലയളവിൽ കേന്ദ്ര നിയമമന്ത്രി കൂടിയായിരുന്നു അദ്ദേഹം.

‘സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 2010 ൽ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഗുജറാത്തിന് പുറത്തുകഴിയേണ്ടി വന്നു. അടുത്തയാൾ ആകേണ്ടിയിരുന്നത് നരേന്ദ്ര മോദിയാണ്. പക്ഷേ, യു.പി.എ സർക്കാർ അന്വേഷണം നിർത്തിവച്ചു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങായിരുന്നില്ല, മറ്റ് ചില നേതാക്കളായിരുന്നു ഇതിനു പിന്നിൽ. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’ – അദ്ദേഹം പറഞ്ഞു.

2002-ലെ ഗുജറാത്ത് കലാപത്തിനുശേഷം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് 2009-ൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി എസ്.ഐ.ടി 2010-ൽ ചോദ്യം ചെയ്തിരുന്നുവെന്നും, 2012-ൽ ക്ലീൻചിറ്റ് നൽകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സംസാരിച്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കോൺഗ്രസ് നേതാവ് എന്നതിലുപരി ജനാധിപത്യത്തിനും ദരിദ്രർക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുമായി പൊതുജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് സോണിയ ഗാന്ധിയെന്ന് പറഞ്ഞു. അധികാരത്തിനുവേണ്ടി രാഷ്ട്രീയ നേതാക്കൾ മത്സരിക്കുന്ന കാലത്ത് പ്രധാനമന്ത്രി പദം പോലും വേണ്ടെന്നുവെച്ച സോണിയ ഗാന്ധിയുടെ തീരുമാനത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1998 മാർച്ചിൽ സോണിയ ഗാന്ധി എ.ഐ.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും, പാർട്ടിക്കുള്ളിലെ ഭിന്നതകളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ശക്തമായിരുന്ന ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടുനയിക്കാൻ അവർക്ക് കഴിഞ്ഞതായും ഹരിപ്രസാദ് കൂട്ടിച്ചേർത്തു. 1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബെള്ളാരിയിൽ നിന്ന് സോണിയ ഗാന്ധി മത്സരിച്ച സംഭവവും അദ്ദേഹം അനുസ്മരിച്ചു. സോണിയയുടെ വിദേശജന്മം ഉയർത്തിക്കാട്ടി ബി.ജെ.പി നടത്തിയ പ്രചാരണം അന്ന് വോട്ടർമാർ തള്ളിക്കളഞ്ഞു. ബെള്ളാരിയിൽ കേന്ദ്രീകരിക്കാനിരുന്ന പ്രതിപക്ഷത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അന്തരിച്ച കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസിന്റെ നിർദേശപ്രകാരം താൻ ബെംഗളൂരു സൗത്തിൽനിന്ന് മത്സരിച്ചതെന്നും ഹരിപ്രസാദ് വെളിപ്പെടുത്തി. 2004-ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടും അത് നിരസിച്ച് മൻമോഹൻ സിങ്ങിന് വഴിമാറിക്കൊടുത്ത സോണിയ ഗാന്ധിയുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: