തുടർച്ചയായ അർധ സെഞ്ചറികൾ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭാഗ്യം കൊണ്ടുവന്നെന്നു സൂര്യകുമാർ യാദവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്റെ ക്രിക്കറ്റ് കരിയറിൽ വലിയ ഭാഗ്യം കൊണ്ടുവന്നതായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന താരം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി തുടർച്ചയായി രണ്ട് അർധ സെഞ്ചറികൾ നേടി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
നവംബർ ആറിനാണ് സൂര്യകുമാർ യാദവ് കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. താരത്തിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് കൂടിക്കാഴ്ചയുടെ അനുഭവങ്ങൾ സൂര്യകുമാർ യാദവ് പങ്കുവെച്ചത്.
“ആ കൂടിക്കാഴ്ച എനിക്ക് വലിയ ഭാഗ്യം കൊണ്ടുവന്നെന്നു തോന്നുന്നു. ഞാൻ വീണ്ടും റൺസ് കണ്ടെത്താൻ തുടങ്ങി. പ്രധാനമന്ത്രിക്കൊപ്പം അഞ്ചോ പത്തോ മിനിറ്റുകൾ ലഭിക്കുമെന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ അദ്ദേഹം ഞങ്ങൾക്ക് 45 മിനിറ്റോളം സമയം അനുവദിച്ചു. അതു വളരെ മനോഹരമായൊരു നിമിഷമായിരുന്നു. അദ്ദേഹം എങ്ങനെയാണ് സമ്മർദങ്ങളെ കൈകാര്യം ചെയ്യുന്നതെന്നു ഞാൻ ചോദിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകി”- സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീം ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമായത്. ബാറ്റിങ്ങിലെ മോശം പ്രകടനം കാരണം ടീമിന് പുറത്തായ താരം, മാർച്ചിൽ നടന്ന ന്യൂസിലൻഡിനെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ ക്യാപ്റ്റനായ സൂര്യ, ഗുജറാത്തിനെതിരായ മത്സരത്തിൽ ഏഴ് സിക്സുകളും ഒൻപത് ഫോറുകളും സഹിതം 29 പന്തിൽ 82 റൺസ് അടിച്ചെടുത്ത് ടീമിന് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചു. നേരത്തെ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലും 21 പന്തിൽ 60 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ ഈ മികച്ച പ്രകടനം ദേശീയ ടീമിലേക്കുള്ള വാതിൽ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് താരം.