21/11/2026
[fontresizer_tawhidurrahmandear_widget]

‘ഒരു സ്ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ഫോൺ ചോർത്തുന്നയാളല്ല പ്രധാനമന്ത്രി’; മോദിക്കെതിരായ രാഹുലിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് സാം പിത്രോഡ

 ‘ഒരു സ്ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ഫോൺ ചോർത്തുന്നയാളല്ല പ്രധാനമന്ത്രി’; മോദിക്കെതിരായ രാഹുലിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് സാം പിത്രോഡ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ രംഗത്തെത്തി. പ്രധാനമന്ത്രി ഫോണുകൾ ചോർത്തുന്നയാളാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പിത്രോഡ
വ്യക്തമാക്കിയത്. അതേസമയം, തന്റെ ഫോണും ലാപ്‌ടോപ്പും നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും, ഒരു സ്ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ഫോൺ ചോർത്തുന്നയാളല്ല പ്രധാനമന്ത്രി എന്നുമായിരുന്നു പിത്രോഡയുടെ പ്രതികരണം. എന്നാൽ തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും ലാപ്‌ടോപ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പിത്രോഡ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ സഹായം തേടിയതായും ഉപകരണങ്ങൾ പരിശോധിച്ച ശേഷം ഫോൺ ചോർത്തൽ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അവർ നൽകിയതായും പിത്രോഡ പറഞ്ഞു. എന്നാൽ ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും ആരെയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോ ഇത് ചെയ്യുന്നുണ്ടെന്നും ആരാണെന്ന് അറിയില്ലെന്നും പറഞ്ഞ പിത്രോഡ, അതേക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ചുറ്റും മോശം ആളുകളുണ്ടെന്നും എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചത്. കേന്ദ്രസർക്കാർ തന്നെ നിരീക്ഷണത്തിന് വിധേയനാക്കുകയാണെന്നും പ്രധാനമന്ത്രി നേരിട്ടുള്ള സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാം. കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. എന്നോട് മുഖാമുഖം സംവാദത്തിന് തയ്യാറാകുന്ന ദിവസം വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ആരാണെന്നും എല്ലാവർക്കും മനസിലാകും’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമർശം.

വിദേശശക്തികളുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രിയെന്നതിന് ആവശ്യമായ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, അതുകൊണ്ടുതന്നെ ആ തെളിവുകൾ എന്താണെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും രാഹുൽ അവകാശപ്പെട്ടു. ഫോൺ ചോർത്തൽ ആരോപണത്തെ നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണച്ചപ്പോൾ ബിജെപി ആരോപണം തള്ളുകയായിരുന്നു. രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ തന്ത്രമാണിതെന്നായിരുന്നു ബിജെപിയുടെ വിമർശനം.

Also read: