21/11/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിനെ വിമർശിക്കുന്നത് ഇനി ഇറ്റലിയിൽ ക്രിമിനൽ കുറ്റം; വിവാദ നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം

 ഇസ്രയേലിനെ വിമർശിക്കുന്നത് ഇനി ഇറ്റലിയിൽ ക്രിമിനൽ കുറ്റം; വിവാദ നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം

റോം: ഇസ്രയേലിനെതിരായ വിമർശനങ്ങളെ ജൂതവിരുദ്ധതയായി കണക്കാക്കാൻ വഴിയൊരുക്കുന്ന വിവാദ നിയമത്തിന് ഇറ്റാലിയൻ പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബറൻസ് അലയൻസിന്റെ (ഐ.എച്ച്.ആർ.എ) ജൂതവിരുദ്ധ നിർവചനം ഔദ്യോഗികമായി സ്വീകരിച്ചുകൊണ്ടുള്ള നിയമമാണ് നവംബർ 17-ന് ഇറ്റലി പാസാക്കിയത്. നേരത്തെ മാർച്ചിൽ ഇറ്റാലിയൻ സെനറ്റ് 24-നെതിരെ 105 വോട്ടുകൾക്ക് ഈ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇസ്രയേൽ നയങ്ങളെ വിമർശിക്കുന്നതിനെയും ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തെയും ക്രിമിനൽ കുറ്റമായി ചിത്രീകരിക്കാനും, അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷത്തെ ഒരു വിഭാഗവും മുന്നറിയിപ്പ് നൽകുന്നു.

ജൂത ജനതയുടെ സ്വയംനിർണയാവകാശം നിഷേധിക്കുന്നത്, ഇസ്രയേലിനോട് ഇരട്ടത്താപ്പ് കാണിക്കുന്നത്, ഇസ്രയേൽ നയങ്ങളെ നാസി ജർമനിയുടേതുമായി താരതമ്യം ചെയ്യുന്നത് എന്നിവയെല്ലാം ജൂതവിരുദ്ധതയുടെ ഉദാഹരണങ്ങളായാണ് ഐ.എച്ച്.ആർ.എ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തെ ആംനസ്റ്റി ഇന്റർനാഷണൽ ശക്തമായി അപലപിച്ചു. സ്കൂളുകൾ, സർവകലാശാലകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സാംസ്കാരിക സംഘടനകൾ എന്നിവയിലെല്ലാം ഈ നിർവചനം ബാധകമാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇറ്റലി പ്രതിനിധി അന്നലീസ് ബാൽഡാച്ചിനി മുന്നറിയിപ്പ് നൽകി.

നിയമത്തിനെതിരെ ആംനസ്റ്റി, ട്രേഡ് യൂണിയനുകൾ, വിദ്യാർഥികൾ, യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ് എന്നിവർ പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ‘സയണിസ്റ്റ് വിരുദ്ധത ജൂതവിരുദ്ധതയല്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്. എന്നാൽ, ഇറ്റലിയിൽ ജൂതവിരുദ്ധ സംഭവങ്ങൾ റെക്കോർഡ് നിലയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നതെന്നും, ഇത് രാഷ്ട്രീയ വിമർശനത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്നുമാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ വാദം.

അതേസമയം, ഐ.എച്ച്.ആർ.എ നിർവചനത്തിന് പകരം ഇസ്രയേലി വിദഗ്ധരടക്കം തയ്യാറാക്കിയ 2021-ലെ ‘ജറുസലേം ഡിക്ലറേഷൻ ഓൺ ആന്റിസെമിറ്റിസം’ സ്വീകരിക്കണമെന്നാണ് നിയമത്തെ എതിർക്കുന്നവർ ആവശ്യപ്പെടുന്നത്. ഇറ്റലിയിലെ മധ്യ-ഇടതുപക്ഷ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ചില നിയമസഭാംഗങ്ങളും പുതിയ നിയമം ഇസ്രയേൽ വിമർശനത്തെ തടയുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പല സർവകലാശാലകളും നേരത്തെ ഐ.എച്ച്.ആർ.എ നിർവചനം സ്വീകരിച്ചിട്ടുണ്ടെന്നും, ഫലസ്തീൻ അനുകൂല വിദ്യാർഥികളെ ലക്ഷ്യം വെക്കാൻ ഇത് അവിടെ ഉപയോഗിച്ചിട്ടുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Also read: