21/11/2026
[fontresizer_tawhidurrahmandear_widget]

‘മെറ്റ ഇന്ത്യയിൽ ബിസിനസ് നടത്തിയാൽ മതി, രാഷ്ട്രീയത്തിൽ ഇടപെടേണ്ട; മെറ്റ പിന്തുടരേണ്ടത് ബിജെപിയുടെ ഉത്തരവുകളല്ല’; യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ അഖിലേഷ് യാദവ്

 ‘മെറ്റ ഇന്ത്യയിൽ ബിസിനസ് നടത്തിയാൽ മതി, രാഷ്ട്രീയത്തിൽ ഇടപെടേണ്ട; മെറ്റ പിന്തുടരേണ്ടത് ബിജെപിയുടെ ഉത്തരവുകളല്ല’; യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ അഖിലേഷ് യാദവ്

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിദേശ കമ്പനികൾ ഇന്ത്യയിൽ ബിസിനസ് നടത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. വിദേശ കമ്പനികൾക്കുമേൽ അനാവശ്യ സമ്മർദം ചെലുത്തുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്നും, ബിസിനസിനെ രാഷ്ട്രീയവൽക്കരിക്കുന്ന നടപടികളിൽനിന്ന് പിന്തിരിയണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ സ്വതന്ത്രമായി ബിസിനസ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ഇൻചാർജ് മനീഷ് ശർമ എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഹൈദരാബാദിലെ റായ്‌ദുർഗിലുള്ള മെറ്റയുടെ ഓഫീസിലേക്ക് ഇരച്ചുകയറിയിരുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഓഫീസിലെ പൂച്ചെട്ടികൾ അടക്കമുള്ളവ തകർത്തു.

പ്രതിപക്ഷ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതും സ്വതന്ത്ര ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മെറ്റ പിന്തുടരേണ്ടത് ബിജെപിയുടെ ഉത്തരവുകളല്ല, ഇന്ത്യൻ ഭരണഘടനയാണെന്ന് സംഘടന വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ എല്ലാ അക്കൗണ്ടുകളും പുനഃസ്ഥാപിക്കണമെന്നും, അല്ലാത്തപക്ഷം എല്ലായിടത്തുമുള്ള മെറ്റയുടെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

മെറ്റയെ ‘ബിജെപിയുടെ പുത്രൻ’ എന്ന് വിശേഷിപ്പിച്ച യൂത്ത് കോൺഗ്രസ്, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും വിമർശിച്ചു. ബിജെപിയുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നതിന് പകരം, നട്ടെല്ല് നിവർത്തി ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാൻ മെറ്റ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ എന്തിനാണ് മരവിപ്പിച്ചതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Also read: