20/10/2026
[fontresizer_tawhidurrahmandear_widget]

‘നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ ഞങ്ങളുടെ നേതാക്കളാക്കില്ല; മുസ്‌ലിംകൾക്ക് കഴിവുണ്ട്, എന്നാൽ അവസരങ്ങളില്ല: മറ്റുള്ളവർക്ക് വേണ്ടി പായ വിരിക്കാൻ മുസ്‌ലിംകൾ ഇനി തയ്യാറല്ല’; അസദുദ്ദീൻ ഉവൈസി

 ‘നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ ഞങ്ങളുടെ നേതാക്കളാക്കില്ല; മുസ്‌ലിംകൾക്ക് കഴിവുണ്ട്, എന്നാൽ അവസരങ്ങളില്ല: മറ്റുള്ളവർക്ക് വേണ്ടി പായ വിരിക്കാൻ മുസ്‌ലിംകൾ ഇനി തയ്യാറല്ല’; അസദുദ്ദീൻ ഉവൈസി

രാംപൂർ: നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ തങ്ങളുടെ നേതാക്കളാക്കില്ലെന്നും, മുസ്‌ലിം സമുദായത്തിലെ യുവാക്കൾക്ക് കഴിവുണ്ടെങ്കിലും അവർക്ക് ശരിയായ അവസരങ്ങളോ പ്ലാറ്റ്‌ഫോമോ ലഭിക്കുന്നില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാംപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം യുവാക്കൾക്ക് മുന്നോട്ടുവരാനും നേതൃനിരയിലെത്താനും അടിച്ചമർത്തപ്പെട്ടവർക്കായി പോരാടാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ് തൻ്റെ പാർട്ടി ചെയ്യുന്നതെന്ന് ഉവൈസി പറഞ്ഞു. ഇന്ത്യയെ നയിക്കാനും അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്ക് നീതി ഉറപ്പാക്കാനുമുള്ള വേദിയാണ് എ.ഐ.എം.ഐ.എം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സമുദായങ്ങളിലെ ആളുകളെപ്പോലെ തന്നെ മുസ്‌ലിം യുവാക്കൾക്കും കഴിവുണ്ട്, എന്നാൽ അബ്ദുൾ ഒരിക്കലും ഒരു നേതാവാകരുതെന്ന മനോഭാവമാണ് പലർക്കുമുള്ളതെന്നും ഉവൈസി ആരോപിച്ചു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനമാണ് ഉവൈസി ഉന്നയിച്ചത്. തലമുറകളായി മുസ്‌ലിം വോട്ടർമാരെ ചൂഷണം ചെയ്യുകയാണെന്നും, അവരെ രാഷ്ട്രീയമായി പിന്നോക്കാവസ്ഥയിൽ നിർത്താനാണ് സമാജ്‌വാദി പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.പിക്ക് വോട്ട് ചെയ്തതുവഴി കഴിഞ്ഞ രണ്ടോ മൂന്നോ തലമുറകളായി മുസ്‌ലിംകൾ നശിച്ചുപോവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് രാഷ്ട്രീയം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് “99 vs 1” എന്ന രാഷ്ട്രീയ തന്ത്രം ഉവൈസി മുന്നോട്ടുവെക്കുന്നത്.

അഖിലേഷ് യാദവിൻ്റെ പിതാവ് മുലായം സിംഗ് യാദവിനെ പലതവണ മുഖ്യമന്ത്രിയാക്കിയത് മുസ്‌ലിംകളാണെന്ന് ഓർമ്മിപ്പിച്ച ഉവൈസി, എന്നാൽ സമുദായത്തിന് എസ്.പി തിരികെ എന്താണ് നൽകിയതെന്നും ചോദിച്ചു. ആസംഗഢിൽ സമാജ്‌വാദി പാർട്ടിക്ക് എം.എൽ.എയും എം.പിയും മുഖ്യമന്ത്രിയും ഉണ്ടായിരുന്നിട്ടും അവിടെയുള്ള ഷിബ്ലി കോളേജിന് എന്തുകൊണ്ട് യൂണിവേഴ്സിറ്റി പദവി നൽകിയില്ലെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം നാടായ സൈഫായിൽ അവർ മെഡിക്കൽ കോളേജും സ്പോർട്സ് യൂണിവേഴ്സിറ്റിയും പണിതു, എന്നാൽ മുസ്‌ലിംകൾക്ക് പിന്തുണ നൽകിയ പ്രദേശങ്ങളെ അവർ അവഗണിക്കുകയായിരുന്നുവെന്നും ഉവൈസി ആരോപിച്ചു.

മുസ്‌ലിംകൾ കേവലം ഒരു വോട്ട് ബാങ്കായി നിൽക്കുന്ന കാലം അവസാനിച്ചുവെന്നും, അവർക്കായി ഒരു പ്രത്യേക രാഷ്ട്രീയ ഐഡൻ്റിറ്റി സൃഷ്ടിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും എ.ഐ.എം.ഐ.എം നേതാവ് പ്രഖ്യാപിച്ചു. മുസ്‌ലിം യുവാക്കൾ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ജീവൻ നൽകാനും തയ്യാറാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നതിൽ അവർ സന്തോഷിക്കുന്നുണ്ടാകാം, എന്നാൽ പകരം യുവാക്കൾക്ക് എന്താണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മറ്റ് നേതാക്കളെ സൃഷ്ടിക്കുന്നതിന് പകരം, സ്വയം നേതാക്കളാകാൻ മുസ്‌ലിംകൾ ആഗ്രഹിക്കുന്ന ഒരു പുതിയ ചിന്താഗതി ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ഇനി പായ വിരിക്കാൻ മുസ്‌ലിംകൾ തയ്യാറല്ലെന്നും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഉവൈസി വ്യക്തമാക്കി. സമാജ്‌വാദി പാർട്ടി ഇത് ശ്രദ്ധിക്കുന്നില്ലെങ്കിലും വൈകാതെ അവർക്കത് മനസ്സിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also read: