‘രാഹുൽ ഗാന്ധിക്ക് ഇനിയും പക്വത വന്നിട്ടില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 320 സീറ്റ് മറികടക്കും’; യോഗി ആദിത്യനാഥ്
ലഖ്നൗ: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 320 സീറ്റുകൾ മറികടക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആകെ 403 സീറ്റുകളുള്ള സഭയിലാണ് എൻഡിഎ വലിയ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്. ലഖ്നൗവിൽ നടന്ന ‘ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റ്: നോർത്ത് എഡിഷൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സംസാരിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും യോഗി ആദിത്യനാഥ് രൂക്ഷമായി വിമർശിച്ചു.
തങ്ങളുടെ സർക്കാരിന് പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാണെന്നും, എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന കൃത്യമായ പ്രവചനത്തിന് താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ടവരോടും സ്ത്രീകളോടും യുവാക്കളോടും വ്യാപാരികളോടും ചോദിച്ചാൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ അരാജകത്വം ആഗ്രഹിക്കുന്നവരും, വികസനത്തെ എതിർക്കുന്നവരും വീണ്ടും നിരാശരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയും ക്രമസമാധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും യോഗി ആദിത്യനാഥ് സംസാരിച്ചു. കലാപങ്ങളും കർഫ്യൂകളും നിലനിൽക്കുന്നിടത്ത് ഒരിക്കലും അടിസ്ഥാന സൗകര്യ വികസനങ്ങളോ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സാധ്യമല്ല. തങ്ങളുടെ ഭരണകാലയളവിൽ 2.30 ലക്ഷം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും 32,000 പേരുടെ നിയമനം അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസ് പരിശീലന സൗകര്യം 6,000-ൽ നിന്ന് 60,000 ആയി വർദ്ധിപ്പിച്ചു. ഇതിനുപുറമെ, 75 ജില്ലകളിൽ സൈബർ പൊലീസ് സ്റ്റേഷനുകൾ, 18 ഡിവിഷണൽ ആസ്ഥാനങ്ങളിൽ ഫോറൻസിക് ലാബുകൾ, ഏഴ് നഗരങ്ങളിൽ പൊലീസ് കമ്മീഷണറേറ്റ് സംവിധാനം എന്നിവ സർക്കാർ നടപ്പിലാക്കി. സർക്കാരിന്റെ 10 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോഴേക്കും മൊത്തം സർക്കാർ നിയമനങ്ങൾ 10.5 ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി എത്തിയ നിക്ഷേപങ്ങളിലൂടെ 65 ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
വോട്ടർ പട്ടിക പരിഷ്കരണത്തെ ന്യായീകരിച്ച മുഖ്യമന്ത്രി, പട്ടികയുടെ ശുദ്ധി ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അർഹരായ മുഴുവൻ പൗരന്മാരും പട്ടികയിൽ ഉൾപ്പെടണമെന്നും, മരണപ്പെട്ടവരെയും പൗരന്മാരല്ലാത്തവരെയും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിജയിക്കുമ്പോൾ അത് കോൺഗ്രസിന്റെ വിജയമാണെന്നും, തോൽക്കുമ്പോൾ അവർ ഇ.വി.എമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയുമാണ് കുറ്റപ്പെടുത്തുന്നതെന്നും ആദിത്യനാഥ് വിമർശിച്ചു. രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ പ്രചാരണങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് അദ്ദേഹത്തിന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് രാഹുൽ സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ‘പി.ഡി.എ’ സഖ്യത്തിലേക്ക് പണ്ഡിറ്റുകൾക്കായി ഒരു ‘പി’ കൂടി ഉൾപ്പെടുത്തുമെന്ന എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കും യോഗി ആദിത്യനാഥ് മറുപടി നൽകി. സമാജ്വാദി പാർട്ടിയുടെ മുൻകാല സമീപനങ്ങളും നേതാക്കളുടെ പ്രസ്താവനകളും പരിശോധിച്ചാൽ ഹിന്ദു സമൂഹത്തോടുള്ള അവരുടെ യഥാർത്ഥ മനോഭാവം വ്യക്തമാകുമെന്ന് അദ്ദേഹം തുറന്നടിച്ചു.