21/11/2026
[fontresizer_tawhidurrahmandear_widget]

‘മോദിയുടെ സ്വപ്ന പദ്ധതികൾ എല്ലാം ചീറ്റിപോയി, രാജ്യത്ത് വളരുന്നത് അദാനിയും അംബാനിയും മാത്രം, തൊഴിലില്ലായ്മയും തകർന്ന ഉൽപ്പാദന മേഖലയും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും കാരണം ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ്’; രാഹുൽ ഗാന്ധി

 ‘മോദിയുടെ സ്വപ്ന പദ്ധതികൾ എല്ലാം ചീറ്റിപോയി, രാജ്യത്ത് വളരുന്നത് അദാനിയും അംബാനിയും മാത്രം, തൊഴിലില്ലായ്മയും തകർന്ന ഉൽപ്പാദന മേഖലയും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും കാരണം ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണ്’; രാഹുൽ ഗാന്ധി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ നടന്ന സംവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ വലിയൊരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്നും രാജ്യത്തെ തൊഴിലില്ലായ്മ കുതിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ കോഴിക്കോട്ട് നടന്ന യു.ഡി.എഫ് റാലിയിലും ഇന്ത്യയിൽ സാമ്പത്തിക ഭൂകമ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ രാജ്യത്തെ ബാധിക്കുമെന്നും ഇതിനെ നേരിടാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു അപ്പോഴത്തെ അദ്ദേഹത്തിന്റെ വിമർശനം.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ രാഹുൽ ഗാന്ധി അക്കമിട്ട് നിരത്തിയത്. പതിറ്റാണ്ടുകൾക്ക് മുൻപേ തന്നെ ഇന്ത്യൻ സാമ്പത്തിക മാതൃകയുടെ ഫലപ്രാപ്തി അവസാനിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളായ ‘മേക്ക് ഇൻ ഇന്ത്യ’, ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ എന്നിവ പൂർണ്ണ പരാജയമായിരുന്നു. വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിഞ്ഞില്ല. മാധ്യമങ്ങൾ ഈ യാഥാർഥ്യം മറച്ചുവെച്ചാലും രാജ്യത്തെ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ കടുത്ത പ്രതിസന്ധിയിലാണെന്നും വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങൾ നിലവിൽ പൂർണ്ണമായും തകർന്നുവെന്നും രാഹുൽ ആരോപിച്ചു. കുറഞ്ഞ തൊഴിലവസരങ്ങൾ മാത്രം നൽകാൻ കഴിയുന്ന സേവന മേഖലയ്ക്ക് ഊന്നൽ നൽകുന്ന സർക്കാർ, ഉൽപ്പാദന മേഖലയെ പാടെ അവഗണിക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഉൽപ്പാദന മേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയിൽ അദാനിയും മുകേഷ് അംബാനിയും അടക്കമുള്ള വൻകിട ബിസിനസ്സുകാർ മാത്രമാണ് വളരുന്നതെന്നും ചെറുകിട ബിസിനസ്സുകാരെല്ലാം വലിയ പ്രതിസന്ധിയിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇതിനുപുറമെ, ടാറ്റാ ഗ്രൂപ്പിനെ അദാനി കയ്യടക്കിയെന്ന ഗുരുതരമായ ആരോപണവും രാഹുൽ മുന്നോട്ടുവെച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽ കമ്പനിയും അദാനി എയർപോർട്സും ചേർന്ന് 8 ഹോട്ടലുകൾ നിർമ്മിക്കാൻ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇതിനെ ഉദ്ദേശിച്ചാകാം ഈ പരാമർശമെന്നാണ് വിലയിരുത്തൽ. മോദി സർക്കാർ ടാറ്റ ഗ്രൂപ്പിനെ ക്രിമിനൽ രൂപത്തിൽ തകർക്കാൻ ശ്രമിക്കുകയാണെന്നും, ബിസിനസ് ലോകത്തിന് ഇതിനെതിരെ ശബ്ദിക്കാൻ ഭയമാണെന്നും കഴിഞ്ഞ മാസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ടാറ്റയിൽ നിലനിൽക്കുന്ന അധികാര തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പ്രതികരണങ്ങളെന്നും നിരീക്ഷണങ്ങളുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. വിദേശ രാജ്യത്ത് പോയി ഇന്ത്യയെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ഇന്ത്യയിലെ ‘മിർ ജാഫർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗളയെ ചതിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിച്ച സൈനിക കമാൻഡറാണ് മിർ ജാഫർ.

Also read: