‘നികുതിയിളവ് നൽകിയിട്ടും ശമ്പള വർധനയും പുതിയ നിയമനങ്ങളും എവിടെ?’; കോർപറേറ്റ് മേഖലയോട് പ്രധാനമന്ത്രി
ന്യൂഡൽഹി: കോർപറേറ്റ് നികുതി കുറച്ചുനൽകിയിട്ടും അതിന്റെ പ്രയോജനം ശമ്പള വർധനവിലൂടെയോ പുതിയ നിയമനങ്ങളിലൂടെയോ ജീവനക്കാർക്ക് കൈമാറാത്ത വ്യവസായ-കോർപറേറ്റ് മേഖലകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായ സംഘടനയായ ഫിക്കിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേയാണ് കോർപറേറ്റുകൾക്കെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്.
വ്യക്തികൾക്ക് നൽകിയ നികുതിയിളവുകൾ വിപണിയിലെ ഉപഭോഗം വർധിപ്പിക്കാൻ സഹായിച്ചതായും, ജി.എസ്.ടി നിരക്കുകൾ കുറച്ചതും ആദായനികുതി റീഫണ്ടുകൾ വേഗത്തിലാക്കിയതും മാസങ്ങളോളം കെട്ടിക്കിടന്നിരുന്ന പണം വിപണിയിലേക്ക് ഒഴുകിയെത്താൻ വഴിയൊരുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
“2014ൽ 30 ശതമാനമായിരുന്ന അടിസ്ഥാന കോർപറേറ്റ് നികുതി നിരക്ക് 22 ശതമാനമായി കുറച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ല. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിയിൽ നിന്നും ഞാൻ ഒഴിവാക്കുകയും. പക്ഷേ, നിങ്ങൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയോ തൊഴിലവസരം നൽകുകയോ ചെയ്തില്ല. എത്രയൊക്കെ നൽകിയാലും നിങ്ങളുടെ വിശപ്പ് മാറാത്തതുകൊണ്ട് നിങ്ങൾ കൈയടിക്കില്ലെന്ന് എനിക്കറിയാം. മോദിജി എല്ലാം ചെയ്യൂ, ഞങ്ങൾ നോക്കാം’ എന്ന മനോഭാവമാണ് ഇപ്പോഴും നിങ്ങൾ തുടരുന്നത്” -പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച എടുത്തുപറഞ്ഞ മോദി, കൂടുതൽ പരിഷ്കരണ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു. “നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് ഞാനിവിടെ വന്നത്. എന്നാൽ മുൻ സർക്കാറുകളിൽനിന്ന് നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ അത്രമേൽ കയ്പേറിയതായിരുന്നു. അതിൻ്റെ വിലയാണ് ഞാൻ നൽകേണ്ടി വരുന്നത്. ഇത് ആ പഴയ സർക്കാറല്ല, സൗഹൃദപരമായ സർക്കാറാണ്. യാതൊരു മടിയും കൂടാതെ എനിക്ക് തുറന്നെഴുതൂ, ഇനിയും എന്തെല്ലാം പരിഷ്കാരങ്ങളാണ് വേണ്ടതെന്ന് പറയൂ” -മോദി യോഗത്തിൽ പരാമർശിച്ചു.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “ഇന്ത്യ ‘ലോകത്തിൻ്റെ ഫാർമസി’ എന്നാണ് അറിയപ്പെടുന്നത്. എന്നിട്ടും കോടിക്കണക്കിന് ഡോളറിന്റെ മരുന്ന് അസംസ്കൃത വസ്തുക്കളും ബൾക്ക് ഡ്രഗ്സും നമ്മൾ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയെ ആശ്രയിക്കുന്ന നൂറുകണക്കിന് മേഖലകളുണ്ട്. ഏതൊക്കെ അസംസ്കൃത വസ്തുക്കൾ ഇന്ത്യക്കുള്ളിൽ തന്നെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് നമ്മുടെ ഫാർമ വ്യവസായം തിരിച്ചറിയണമെന്നും അസംസ്കൃത വസ്തുക്കളുടെ നിർമാണത്തിലും ശേഷി കൈവരിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ ആവശ്യപ്പെട്ട് വ്യവസായ പ്രമുഖർ ധനമന്ത്രിക്ക് നിവേദനം നൽകിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ വിമർശനം എന്നത് ശ്രദ്ധേയമാണ്. നിക്ഷേപങ്ങളിൽ ഉണർവ് പ്രകടമാകുന്നുണ്ടെങ്കിലും ചെലവ് വർധനവും ഡിമാൻഡ് കുറയുന്നതുമാണ് വ്യവസായ മേഖല കാരണമായി ചൂണ്ടിക്കാട്ടുന്നത്.