‘ചരിത്രം വളച്ചൊടിക്കുന്നവർ നെഹ്റുവിനെ താഴ്ത്തിക്കെട്ടുന്നു’; മോദിയെ പരിഹസിച്ച് ജയറാം രമേശ്
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിന്റെ പൈതൃകത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായ പ്രതിരോധകവചമാണ് ‘നെഹ്റു ഡിജിറ്റൽ ആർക്കൈവ്’ എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. നെഹ്റുവിന്റെ ജന്മവാർഷിക ദിനമായ ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
‘മുഴുവൻ പൊളിറ്റിക്കൽ സയൻസിൽ എം.എ’ ബിരുദമുണ്ടെന്ന് അവകാശപ്പെടുന്നയാളുടെ നേതൃത്വത്തിൽ ചരിത്രം വളച്ചൊടിക്കുന്നവർ നെഹ്റുവിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ജയറാം രമേശ് വിമർശിച്ചു. എന്നാൽ, നെഹ്റുവിന്റെ മഹത്തായ പൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഡിജിറ്റൽ ആർക്കൈവ് പ്രതിരോധകവചമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെഹ്റു ഡിജിറ്റൽ ആർക്കൈവിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ജയറാം രമേശിന്റെ കുറിപ്പ്. 1903 മുതൽ 1964 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന ‘സെലക്ടഡ് വർക്സ് ഓഫ് ജവഹർലാൽ നെഹ്റു’വിന്റെ 100 വാല്യങ്ങൾ ആർക്കൈവിൽ ലഭ്യമാണ്. പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷം തന്നെ വെബ്സൈറ്റിന് പത്തുലക്ഷത്തിലധികം സന്ദർശകരെയും 40 ലക്ഷത്തിലധികം പേജ് വ്യൂസും ലഭിച്ചു.
ഏകദേശം 77,000 പേജുകളിലായി 34,000-ത്തിലധികം രേഖകളും 3,000 ചിത്രങ്ങളും ആർക്കൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാനുള്ള പ്രധാന വിവരസ്രോതസ്സാണിതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ചരിത്രകാരന്മാർക്കും മാധ്യമപ്രവർത്തകർക്കും വിമർശകർക്കുമെല്ലാം ആർക്കൈവ് ഏറെ പ്രയോജനപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
നെഹ്റുവിന്റെ ജീവിതവും അദ്ദേഹത്തിന്റെ കാലഘട്ടവുമായി ബന്ധപ്പെട്ട കത്തുകൾ, ചിത്രങ്ങൾ, രേഖകൾ, പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ, കാർട്ടൂണുകൾ എന്നിവ ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ശേഖരിച്ച് ആർക്കൈവ് കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട ചരിത്രവും ജയറാം രമേശ് കുറിപ്പിൽ അനുസ്മരിച്ചു. 1964 ഡിസംബർ 21-ന് അന്നത്തെ ഉപരാഷ്ട്രപതി സാക്കിർ ഹുസൈൻ, പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുൾപ്പെടെ 32 പ്രമുഖരാണ് ഫണ്ടിന്റെ ട്രസ്റ്റ് രേഖയിൽ ഒപ്പുവെച്ചത്. അന്നത്തെ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണൻ ഫണ്ടിന്റെ രൂപവത്കരണത്തിനായി നടത്തിയ അഭ്യർത്ഥനയും അദ്ദേഹം ഓർമ്മിപ്പിച്ചു.