ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി പത്മജ വേണുഗോപാൽ; വീണ്ടും കോണ്‍ഗ്രസിലേക്ക് ?
തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവയ്ക്കാൻ ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ ഒരുങ്ങുന്നതായി വിവരം. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷനുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. അടുത്ത ദിവസം തന്നെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ നിന്ന് അർഹമായ പരിഗണന പത്മജയ്ക്ക് ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കുകയായിരുന്നു. ബിജെപിയുടെ പല പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിലേക്ക് എത്തിയത്. ഗവർണർ പദവി, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം തുടങ്ങിയ ഉന്നത പദവികളും അംഗീകാരങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പദവികൾ ആവശ്യപ്പെട്ട് പലതവണ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്ന് മാത്രമല്ല, പാർട്ടിയിൽ നിന്ന് തികഞ്ഞ അവഗണനയും നേരിടേണ്ടി വന്നതായാണ് വിവരം.
ഈ സാഹചര്യത്തിലാണ് രാജിയെക്കുറിച്ചും കോൺഗ്രസിലേക്കുള്ള മടക്കയാത്രയെക്കുറിച്ചും പത്മജ ചിന്തിച്ചുതുടങ്ങിയത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷനുമായും നടത്തിയ ചർച്ചകളും ഫലം കണ്ടില്ല. പത്മജയെ അനുകൂലിക്കുന്ന പലരും പാർട്ടി വിട്ട് മടങ്ങിപ്പോകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പത്മജ കോൺഗ്രസിലേക്ക് മടങ്ങുകയാണെങ്കിൽ അനുകൂലികളും ഒപ്പമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.