‘ഗാന്ധിജിയുടെ ഘാതകരുടെ രാഷ്ട്രീയത്തോട് എങ്ങനെ നിങ്ങൾക്ക് ചേർന്നുനിൽക്കാൻ കഴിഞ്ഞു?’; പത്മജക്കെതിരെ താര ടോജോ അലക്സ്
കോഴിക്കോട്: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനറും ആക്ടിവിസ്റ്റുമായ താര ടോജോ അലക്സ്. ഗാന്ധിജിയുടെ ഘാതകരുടെ രാഷ്ട്രീയത്തോട് എങ്ങനെ പത്മജയ്ക്ക് ചേർന്നുനിൽക്കാൻ കഴിഞ്ഞെന്നാണ് ഒരു കോൺഗ്രസുകാരിയെന്ന നിലയിൽ തനിക്ക് ചോദിക്കാനുള്ളതെന്ന് താര ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയും അപമാനിക്കുന്ന രാഷ്ട്രീയത്തോടൊപ്പം എങ്ങനെ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞുവെന്നും, നരേന്ദ്ര മോദിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും പോലുള്ളവർ നേതൃത്വം നൽകുന്ന രാഷ്ട്രീയത്തോടൊപ്പം എങ്ങനെ അഭിമാനത്തോടെ നിലകൊള്ളാൻ കഴിഞ്ഞുവെന്നും താര ചോദ്യമുയർത്തി.
ഗാന്ധിയും നെഹ്റുവും ഉയർത്തിപ്പിടിച്ച മതേതര ഇന്ത്യയുടെ ആശയങ്ങൾക്കും ഭരണഘടനയുടെ ആത്മാവിനും നേർവിപരീതമായ ചേരിയിലേക്കുള്ള യാത്രയായിരുന്നു പത്മജയുടേതെന്ന് കുറിപ്പിൽ പറയുന്നു. വെറും രണ്ടുവർഷം എന്ന കാലയളവ് പറഞ്ഞ് ആ തീരുമാനത്തിന്റെ രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം വേണ്ടത് ആഴത്തിലുള്ള ആത്മപരിശോധനയാണെന്നും അവർ വ്യക്തമാക്കി. തലമുറകൾ ചോരയും വിയർപ്പും നൽകി കാത്തുസൂക്ഷിച്ച കോൺഗ്രസിന്റെ രാഷ്ട്രീയ പൈതൃകത്തിന് അവകാശവാദമുന്നയിക്കുന്നവർ ആദ്യം അതിന്റെ മൂല്യങ്ങളോട് നീതി പുലർത്തണമെന്നും താര കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം;
ശ്രീമതി പദ്മജ വേണുഗോപാലിൻ്റെ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള രാജിയും കോൺഗ്രസിലേക്കുള്ള (സാധ്യതയുള്ള) മടങ്ങിവരവും ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ..
അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ എൻ്റെ മനസ്സിലൂടെ കടന്നുപോയ ചില ചിന്തകളാണ് ഇവിടെ കുറിക്കുന്നത്.
ഒരു കോൺഗ്രസുകാരിയെന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്… HOW COULD YOU?
ഗാന്ധിജിയുടെ ഘാതകരുടെ രാഷ്ട്രീയത്തോട് എങ്ങനെ നിങ്ങൾക്ക് ചേർന്നുനിൽക്കാൻ കഴിഞ്ഞു?
ബ്രിട്ടീഷുകാരുടെ അടിമകളായി നിന്നുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ എതിർത്ത സംഘപരിവാറുകാരുടെ
പ്രത്യയശാസ്ത്രത്തോട് എങ്ങനെ നിങ്ങൾക്ക് ഐക്യപ്പെടാൻ കഴിഞ്ഞു?
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ നിരന്തരം അധിക്ഷേപിക്കുകയും ചരിത്രത്തിൽനിന്ന് അദ്ദേഹത്തിന്റെ സംഭാവനകളെ മായ്ച്ചുകളയാൻ ശ്രമിക്കുകയും ചെയ്യുന്നവരോടൊപ്പം എങ്ങനെ നിങ്ങൾക്ക് നിൽക്കാൻ കഴിഞ്ഞു?
ഇന്ദിരാഗാന്ധിയെപ്പോലെ ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയെയും,
ഇന്നും.. ഈ നിമിഷം പോലും വ്യക്തിഹത്യകൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകുന്ന സോണിയാഗാന്ധിയെയും അപമാനിക്കുന്ന രാഷ്ട്രീയത്തോട് എങ്ങനെ നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞു?
അതിനുമപ്പുറം, നരേന്ദ്ര മോദിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനേയും പോലുള്ള കോമാളികൾ നേതൃത്വത്തിലുള്ള രാഷ്ട്രീയത്തോടൊപ്പം എങ്ങനെ നിങ്ങൾക്ക് അഭിമാനത്തോടെ നിലകൊള്ളാൻ കഴിഞ്ഞു?
എങ്ങനെ കഴിഞ്ഞു?
ശരിക്കും എങ്ങനെ കഴിഞ്ഞു?
HOW COULD YOU?!
രാഷ്ട്രീയ മോഹങ്ങളും അധികാരസ്വപ്പ്നങ്ങളും പദവികളും സ്ഥാനമാനങ്ങളും മാറ്റിവെക്കാം.
ഒരു നിമിഷം, കെ. കരുണാകരൻ എന്ന അതികായനായ കോൺഗ്രസ് നേതാവിൻ്റെ മകൾ എന്ന പാരമ്പര്യവും, ആ പാരമ്പര്യത്തിലൂടെ ലഭിച്ച രാഷ്ട്രീയ അംഗീകാരങ്ങളും സൗകര്യങ്ങളും പ്രൗഢിയും മാറ്റിവെക്കാം.
ഒരു മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ അനുഭവിച്ച അധികാരത്തിൻ്റെ സൗകര്യങ്ങളും രാഷ്ട്രീയത്തിലെ അവസരങ്ങളും മാറ്റിവെക്കാം.
എന്നിട്ടും ഒരു ചോദ്യം ബാക്കിയുണ്ട്….
മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളിൽ വിശ്വസിക്കുന്ന, രാജ്യത്തിന്റെ സാമൂഹികവും മതേതരവുമായ അടിത്തറയെക്കുറിച്ച് അൽപ്പമെങ്കിലും ഉത്കണ്ഠയുള്ള ഒരാൾക്ക് എങ്ങനെയാണ് ബി.ജെ.പി എന്ന രാഷ്ട്രീയ സംവിധാനത്തിലേക്ക് ചേക്കേറാൻ പോയിട്ട്, ചിന്തിക്കാൻപോലും സാധിക്കുന്നത്??
അത് കേവലം മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കുള്ള കൂടുമാറ്റമായിരുന്നില്ല.
ഗാന്ധിയും നെഹ്റുവും ഉയർത്തിപ്പിടിച്ച മതേതര ഇന്ത്യയുടെ ആശയങ്ങൾക്കും, ഭരണഘടനയുടെ ആത്മാവിനും, മനുഷ്യരെ മതത്തിൻ്റെ പേരിൽ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരായ കോൺഗ്രസിന്റെ ചരിത്രപരമായ നിലപാടുകൾക്കും നേർവിപരീതമായ ഒരു രാഷ്ട്രീയ ചേരിയിലേക്കുള്ള യാത്രയായിരുന്നു അത്.
ആ രാഷ്ട്രീയത്തിൻ്റെ ഭാഗമായി നിലകൊള്ളാൻ എടുത്ത തീരുമാനം നിസ്സാരമായിരുന്നില്ല. അതുകൊണ്ടുതന്നെ വെറും രണ്ടുവർഷം എന്ന കാലയളവ് പറഞ്ഞ് ആ തീരുമാനത്തിന്റെ രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുമാവില്ല.
ഓരോ സ്വാതന്ത്ര്യദിനത്തിലും ത്രിവർണ്ണ പതാക ഉയരുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൻ്റെ ചാട്ടവാറടികളേറ്റ ശരീരങ്ങളുടെ വേദനയും, ജയിലറകളിൽ മുഴങ്ങിയ നിലവിളികളും, സ്വാതന്ത്യ്രത്തിനുവേണ്ടി കഴുമരത്തിലേക്ക് നടന്നുപോയ ധീരരുടെ അവസാന ശ്വാസവും എൻ്റെ ഉള്ളിൽ മുഴങ്ങാറുണ്ട്.
ആ മനുഷ്യർ നെഞ്ചുവിരിച്ച് വിളിച്ചുപറഞ്ഞ “വന്ദേമാതരവും”, “ജയ്ഹിന്ദും”, “ഇങ്കുലാബ് സിന്ദാബാധും” ഏതൊരു കോൺഗ്രസുകാരുടെയും ഹൃദയമിടിപ്പിന്റെ ഭാഗമാണ്.
ആ ചരിത്രം ഓർക്കുമ്പോൾ നിങ്ങളുടെ ഹൃദയം ഒന്ന് പിടയുന്നില്ലെങ്കിൽ, ആ ത്യാഗങ്ങളുടെ ഓർമയിൽ നിങ്ങളുടെ കണ്ണുകൾ ഈറനണിയുന്നില്ലെങ്കിൽ, ഈ രാജ്യനിർമ്മിതിയുടെ ചരിത്രത്തോടൊപ്പം നിങ്ങളുടെ ഹൃദയം ഒരേ താളത്തിൽ മിടിക്കുന്നില്ലെങ്കിൽ…
നിങ്ങൾക്ക് കോൺഗ്രസിൻ്റെ പേരും പാരമ്പര്യവും അവകാശപ്പെടാം…
പക്ഷേ ആ പ്രസ്ഥാനത്തിൻ്റെ ആത്മാവ് നിങ്ങളിൽ ജീവിക്കുന്നുണ്ടെന്ന് നെഞ്ചിൽ തട്ടി പറയാനാകുമോ??
പിഴവുകളും പരിമിതികളും പോരായ്മകളും ഉണ്ടായിരുന്നിട്ടും, ഈ രാജ്യത്തെ പടുത്തുയർത്തുന്നതിൽ കോൺഗ്രസ് വഹിച്ച ചരിത്രപരമായ പങ്കിലും അതിൻ്റെ മഹത്തായ പൈതൃകത്തിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ് യഥാർത്ഥ കോൺഗ്രസുകാർ. ബി.ജെ.പി ഇന്നും തകർത്തുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വീണ്ടെടുത്ത്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളിൽ ഇന്ത്യയെ വീണ്ടും കെട്ടിപ്പടുക്കാൻ കോൺഗ്രസ് നയിക്കുന്ന മുന്നണിക്കേ കഴിയൂ എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും, ആ ലക്ഷ്യത്തിനുവേണ്ടി രാവും പകലും നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ കോൺഗ്രസുകാർ.
ഇന്ന് നിങ്ങൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം വേണ്ടത് ആഴത്തിലുള്ള ഒരു ആത്മപരിശോധനയാണ്. കോൺഗ്രസിൻ്റെ മതേതര രാഷ്ട്രീയവും ജനാധിപത്യബോധവും മനുഷ്യസ്നേഹവും നിങ്ങളുടെ ഉള്ളിൽ വീണ്ടും വേരുപിടിക്കുമോ? അവിടെനിന്ന് പുതിയൊരു രാഷ്ട്രീയബോധമായി മുളപൊട്ടുമോ? ആ മൂല്യങ്ങളെ ഹൃദയത്തിൽ ചേർത്തുപിടിച്ച് വളരാനും പുഷ്പിക്കാനും ഫലം കായ്ക്കാനും നിങ്ങൾക്ക് സാധിക്കുമോ? അതാണ് യഥാർത്ഥത്തിൽ തെളിയിക്കപ്പെടേണ്ടത്.
ശ്രീമതി പദ്മജയുടെ രാഷ്ട്രീയ തീരുമാനങ്ങൾ അവരുടേത് മാത്രമാണ്. അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തവും അവരുടേതാണ്. ബി.ജെ.പിയിലേക്കുള്ള യാത്ര അവരുടെ സ്വന്തം തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ വെറും രണ്ടുവർഷം കഴിഞ്ഞു എന്നതുകൊണ്ട് ആ അധ്യായം സ്വയം മായ്ച്ചുകളയാനാവില്ല.
ആ രാഷ്ട്രീയത്തിൽനിന്ന് കൊണ്ടുവന്ന വിദ്വേഷത്തിന്റെയും വിഭജനത്തിൻ്റെയും ആശയാവശിഷ്ടങ്ങൾ സ്വന്തം നിലപാടുകളിൽനിന്ന് കഴുകിക്കളയേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
കോൺഗ്രസിന്റെറെ പാരമ്പര്യം, അത് തലമുറകൾ ചോരയും വിയർപ്പും നൽകി കാത്തുസൂക്ഷിച്ച ഒരു രാഷ്ട്രീയ പൈതൃകമാണ്. ആ പൈതൃകത്തിന് അവകാശവാദമുന്നയിക്കുന്നവർ ആദ്യം അതിന്റെ മൂല്യങ്ങളോട് നീതി പുലർത്തണം.