‘ഇവിടുത്തെ സംസ്‌കാരം ടൂറിസ്റ്റുകളെ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല, അത് അവർ ജീവിക്കുന്ന ജീവിതമാണ്’; കേരളത്തെക്കുറിച്ചുള്ള വിദേശ സഞ്ചാരിയുടെ വാക്കുകൾ പങ്കുവെച്ച് മാഹീൻ
തിരുവനന്തപുരം: “നിങ്ങൾ ഡൽഹിയിലാണ് ഉള്ളതെങ്കിൽ, ദയവായി കേരളത്തിലേക്ക് വരൂ. നമ്മുടെ രാജ്യത്തിന്റെ വേറൊരു യഥാർത്ഥ മുഖം കാണാം” – ഇന്ത്യയിലെത്തിയ ഒരു ആഫ്രിക്കൻ കണ്ടെന്റ് ക്രിയേറ്ററുടെ ഈ വാക്കുകൾ ഇപ്പോൾ ആളുകളുടെ മനസ്സ് തൊടുകയാണ്. BRICS മായി ബന്ധപ്പെട്ട പരിപാടിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഡൽഹി സന്ദർശനത്തിന് ശേഷം കേരളത്തിലെത്തിയ ഇദ്ദേഹം, മുഖ്യമന്ത്രി വി.ഡി. സതീശനെയും നേരിൽ കണ്ടിരുന്നു.
കേരളത്തിലെ നാട്ടുഭംഗിയും മനുഷ്യരുടെ സ്നേഹവും കണ്ടറിഞ്ഞ ഈ സഞ്ചാരി പങ്കുവെച്ച വീഡിയോയെക്കുറിച്ച് പ്രമുഖ യാത്രാവ്ലോഗർ ‘ഹിച്ച്‌ഹൈക്കിങ് നോമാഡ്’ എന്ന മാഹീൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
“ഇവിടുത്തെ സംസ്‌കാരം ടൂറിസ്റ്റുകളെ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല, അത് അവർ ജീവിക്കുന്ന ജീവിതമാണ്” എന്ന വിദേശ സഞ്ചാരിയുടെ വാക്കുകളാണ് തന്റെ മനസ്സിനെ ഏറെ തൊട്ടതെന്ന് മാഹിൻ പറയുന്നു. നമ്മൾ മുണ്ടുടുക്കുന്നതും, ഓണത്തിന് ഇലയിട്ട് സദ്യ കഴിക്കുന്നതും, നമ്മുടെ നാട്ടുത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ആർക്കെങ്കിലും വേണ്ടിയുള്ള പ്രകടനമല്ല, അത് നമ്മുടെ ദിനചര്യയാണ്. നമ്മൾ ജീവിക്കുന്ന ആ ലളിതമായ ജീവിതമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറുന്നത്.
ലോകത്തിലെ പല രാജ്യങ്ങളിലും വിദേശ ഭരണാധികാരികളുടെ വരവോടെ സ്വന്തം ഭാഷയും ജീവിതരീതിയും നഷ്ടമായപ്പോൾ, കേരളം സ്വന്തം ഭാഷയെയും ഭക്ഷണത്തെയും ആഘോഷങ്ങളെയും ഇപ്പോഴും ഹൃദയത്തോട് ചേർത്തുപിടിക്കുന്നുണ്ട്. “ഇന്ത്യ, ഇന്ത്യ, ഇന്ത്യ…” എന്ന് പറഞ്ഞാണ് ആഫ്രിക്കൻ വ്ലോഗർ തന്റെ വീഡിയോ തുടങ്ങുന്നത്. ഇന്ത്യ എന്ന വലിയ രാജ്യത്തിനുള്ളിൽ കേരളത്തിന് അതിന്റേതായ ഒരു സ്വത്വമുണ്ടെന്നും, ഇത്തരത്തിൽ വിദേശത്തുനിന്നെത്തുന്ന സഞ്ചാരികൾ നമ്മുടെ നാടിന്റെ ഭംഗി സ്വന്തം നാട്ടിലെ മനുഷ്യരോട് പറയുന്നത് വലിയൊരു കാര്യമാണെന്നും മാഹിൻ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഭംഗിയും അടയാളങ്ങളും പതിച്ച ട്വീ-ഷർട്ട് ധരിച്ച് വിദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നാറുള്ള അഭിമാനവും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു.