‘സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ട്രോളി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക്, സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും എല്ലാം താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം എന്നുമാണ് ശ്രീലേഖയുടെ പരിഹാസം. തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്.
“തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം!” – ഇതായിരുന്നു ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഒരേ ഐപിഎസ് ബാച്ചുകാരാണ് ശ്രീലേഖയും തച്ചങ്കരിയും. എന്നാൽ സർവീസിലിരിക്കുമ്പോൾ ഇരുവരും തമ്മിൽ പലതവണ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ, ഇന്ന് രാവിലെയാണ് ശ്രീലേഖയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.