27/09/2026
[fontresizer_tawhidurrahmandear_widget]

ഒരു വയസ്സിൽ 10-ാം ക്ലാസ് പാസായി; ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറി, ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

 ഒരു വയസ്സിൽ 10-ാം ക്ലാസ് പാസായി; ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ വമ്പൻ തിരിമറി, ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹസിരാണി റാഥ് സമർപ്പിച്ച സത്യവാങ്മൂലം അടിമുടി വ്യാജമെന്ന് കോൺഗ്രസ്. ഇവരെ അയോഗ്യയാക്കണമെന്ന് കാണിച്ച് കൽക്കത്ത ഹൈക്കോടതിയിൽ റിട്ട് ഹർജിയും സമർപ്പിച്ചു. തനിക്ക് അറുപത് വയസ്സിന് മേൽ പ്രായമുണ്ടെന്നും 1965-ൽ പത്താംക്ലാസ് പാസ്സായി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനനത്തീയതി കൃത്യമായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തിലാണ് ചൗഖാലി ഗംഗ പദ്മ മിലൻ കന്യാ വിദ്യാപീഠിൽ നിന്നും 1965-ൽ പത്താംക്ലാസ് പാസ്സായി എന്ന് രേഖപ്പെടുത്തിയത്.

2026-ൽ അറുപത് വയസ്സ് ഹസിരാണിക്ക് ആകണമെങ്കിൽ ഏകദേശം 1966-ലെങ്കിലും അവർ ജനിച്ചിരിക്കണം. ആ കണക്ക് വെച്ച് നോക്കിയാൽ ഒരു വയസ്സുള്ളപ്പോൾ ഹസിരാണി പത്താംക്ലാസ് ജയിച്ചു! ഇനി ഹസിരാണിയുടെ വയസ്സ് 65 ആണെന്ന് കരുതിയാൽ തന്നെ ജനന വർഷം 1961 ആകും. അങ്ങനെ വന്നാൽ നാല് വയസ്സുള്ളപ്പോൾ പത്താം ക്ലാസ് ജയിച്ചു! ഇതെന്തൊരു കണക്കെന്നാണ് കോൺഗ്രസ് ചോദ്യമുയർത്തുന്നത്.

സാധാരണ എല്ലാവരും 14-നും 16-നും ഇടയിൽ പ്രായമുള്ളപ്പോഴാണ് പത്താംക്ലാസ് പാസാകുക. അത് വെച്ച് കണക്കു കൂട്ടിയാൽ 1949-നും 51-നും ഇടയിലാകും ഹസിരാണി ജനിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ 2026-ൽ അവർക്ക് 75-നും 77-നും ഇടയിലാകും പ്രായമുണ്ടാവുകയെന്നതാണ് കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം അടിസ്ഥാന വസ്തുതകൾ പോലും പരിശോധിക്കുന്നില്ലെന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും കോൺഗ്രസ് ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് മിലനെ 2007-ലെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്ന് വരെ കോടതി കസ്റ്റഡിയിലും വിട്ടു. രണ്ട് പതിറ്റാണ്ട് മുൻപുള്ള ആയുധം കൈവശം വെച്ച കേസിൽ ഒക്ടോബർ അഞ്ച് വരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ മറ്റൊരു കോടതിയും മിലനെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്. പ്രചാരണം ഒക്ടോബർ നാലിന് അവസാനിക്കും. ഒൻപതിനാണ് വോട്ടെണ്ണൽ.

Also read: