27/09/2026
[fontresizer_tawhidurrahmandear_widget]

തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം; മുൻ ബിജെപി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ കേസ്

 തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം; മുൻ ബിജെപി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ കേസ്

മഹാരാഷ്ട്ര: 22 കാരിയായ യുവതിയെ തോക്കിൻമുനയിൽ നിർത്തി ബലമായി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ താനെ റൂറൽ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് ഇരുവർക്കുമെതിരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കല്യാൺ വെസ്റ്റിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ നരേന്ദ്ര പവാർ, പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീൽ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അധികാരപരിധിയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം പരാതിക്കാരിയായ യുവതി ആദ്യം താനെ സിറ്റി പോലീസിനെയാണ് സമീപിച്ചിരുന്നത്. എന്നാൽ അവിടെയുള്ള ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ല. തുടർന്നാണ് വിഷയം ഗൗരവത്തോടെയെടുത്ത താനെ റൂറൽ പോലീസിനെ സമീപിക്കുകയും അവർ കേസെടുക്കുകയും ചെയ്തത്.

അതേസമയം, ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ മുൻ എം.എൽ.എ നരേന്ദ്ര പവാർ തൻ്റെ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയപരമായി അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയാണെന്ന് അദ്ദേഹം രാജിക്കത്തിൽ അവകാശപ്പെട്ടു. ഈ വിവാദം പാർട്ടിയുടെ പ്രതിച്ഛായയെയും പൊതുസമൂഹത്തിലെ നിലയെയും ബാധിക്കാതിരിക്കാനാണ് പദവികൾ ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: