‘കേസുകളൊന്നും തെളിയുന്നില്ല, അന്വേഷണം വഴിമുട്ടുന്നു’; പൊലീസ് സ്റ്റേഷനുള്ളിൽ ഗണപതി ഹോമം നടത്തി ഇൻസ്പെക്ടർ; വിവാദം
വില്ലുപുരം: കേസുകൾ തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനുള്ളിൽ ഗണപതി ഹോമം നടത്തിയ ഇൻസ്പെക്ടർ വിവാദത്തിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ ജിഞ്ചിക്ക് സമീപമുള്ള സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവാണ് ഔദ്യോഗിക യൂണിഫോമിൽ ഭാര്യയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൂജാകർമങ്ങൾ നടത്തിയത്.
സ്റ്റേഷനകത്തെ മുറിയിൽ പുരോഹിതരുടെ കാർമികത്വത്തിൽ യാഗശാല ഒരുക്കിയായിരുന്നു ചടങ്ങുകൾ. ഔദ്യോഗിക വേഷത്തിന് മുകളിൽ പൂമാലയണിഞ്ഞ് ഇൻസ്പെക്ടർ ഹോമത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുരൂഹമരണങ്ങളും തിരോധാനങ്ങളും തെളിയിക്കാൻ കഴിയാത്തതിലുള്ള കടുത്ത സമ്മർദമാണ് ഹോമം നടത്താൻ കാരണമെന്നാണ് ഉദ്യോഗസ്ഥന്റെ വിചിത്രവാദം.
ഭരണഘടനാപരമായ മതേതര മൂല്യങ്ങൾ സംരക്ഷിക്കേണ്ട പൊലീസ് സേനയുടെ ഔദ്യോഗിക കേന്ദ്രം മതപരമായ ചടങ്ങുകൾക്കായി ഉപയോഗിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷവിമർശനമാണ് ഉയരുന്നത്. ജിഞ്ചിക്ക് സമീപം ആലംപൂണ്ടി ഗ്രാമത്തിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനുപുറമെ, പ്രദേശത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ ലഭിച്ചതുമടക്കം നിരവധി കേസുകൾ തെളിയാതെ കിടക്കുകയാണ്.
അന്വേഷണം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയമായ അന്വേഷണ രീതികൾക്ക് പകരം അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥന്റെ നടപടി സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും ഇത് വലിയ അസ്വസ്ഥതകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇൻസ്പെക്ടറുടെ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.