21/11/2026
[fontresizer_tawhidurrahmandear_widget]

‘ബാനറിൽ കെ.സി വേണുഗോപാലിന്റെ ഫോട്ടോ വലുതും എന്റെത് ചെറുതും; വൃത്തികേട് കാണിക്കരുത്’; സംഘാടകർക്ക് താക്കീതുമായി ജി. സുധാകരൻ

 ‘ബാനറിൽ കെ.സി വേണുഗോപാലിന്റെ ഫോട്ടോ വലുതും എന്റെത് ചെറുതും; വൃത്തികേട് കാണിക്കരുത്’; സംഘാടകർക്ക് താക്കീതുമായി ജി. സുധാകരൻ

ആലപ്പുഴ: കേരളോത്സവം പരിപാടിയുടെ ബാനറിൽ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് വലിപ്പം കൂട്ടിയതിലും തന്റെ ചിത്രം ചെറുതാക്കിയതിലും രൂക്ഷവിമർശനവുമായി എംഎൽഎ ജി. സുധാകരൻ. പരിപാടിയുടെ ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി, പങ്കെടുക്കാത്തവരുടെ വലിയ ചിത്രം വെച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം വൃത്തികേടുകൾ കാണിക്കരുതെന്നായിരുന്നു സംഘാടകർക്കുള്ള ജി. സുധാകരന്റെ താക്കീത്. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കേരളോത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ സ്ഥാപിച്ച ബാനറിൽ കെ.സി. വേണുഗോപാലിന്റെ ചിത്രം മുകളിൽ വലുതായും സുധാകരന്റെ ചിത്രം അതിന് താഴെ ചെറുതായുമാണ് നൽകിയിരുന്നത്. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

“ഇതൊന്നും നമ്മുടെ അന്തസ്സിന് യോജിച്ചതല്ല. കേന്ദ്രത്തിന്റെ പദ്ധതികളിൽ ഒന്നാമത് എംപിയും അതുകഴിഞ്ഞാണ് എംഎൽഎയും വരേണ്ടത്. എന്നാൽ സംസ്ഥാന പദ്ധതികളിൽ എംഎൽഎയാണ് ഒന്നാമത്, അതുകഴിഞ്ഞാണ് എംപിമാർ. ഇതാണ് പ്രോട്ടോക്കോളിന്റെ അടിസ്ഥാന തത്വം. അത് മനസ്സിലാക്കിയിരിക്കണം. എംപി എംഎൽഎയുടെ തോളിലോ, എംഎൽഎ എംപിയുടെ തോളിലോ അല്ല. എല്ലാവർക്കും അവരുടേതായ അസ്തിത്വമുണ്ട്. ചില സംഘാടകർ ശ്രമിച്ചതുകൊണ്ട് ഇതൊന്നും ഇല്ലാതാക്കാനാകില്ല. ബാനർ കണ്ടുകൊണ്ടല്ല ആരും വോട്ട് ചെയ്യുന്നത്. ചില ബാനറുകൾ കണ്ടാൽ വോട്ട് കുറയാനേ കാരണമാകൂ. അതിനാൽ ഇങ്ങനെയൊന്നും ബാനർ തയ്യാറാക്കാൻ പാടില്ല. ഇവിടെ പങ്കെടുക്കുന്നത് ഞാനല്ലേ? പങ്കെടുക്കാത്തവരുടെ വലിയ തല എന്തിനാണ് ബാനറിൽ?” എന്ന് സുധാകരൻ ചോദിച്ചു.

നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി. സുധാകരൻ വിമർശനമുന്നയിച്ചു. സ്ഥലം എംഎൽഎയെ അറിയിക്കാതെ ബീച്ചിലെത്താൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യമുണ്ടായെന്ന് അദ്ദേഹം ചോദിച്ചു. “സുരേഷ് ഗോപി കടപ്പുറത്ത് വന്ന് അവിടെയൊക്കെ ഒന്നുനോക്കി, പത്രക്കാരെയും കണ്ട് മടങ്ങി. ടൂറിസം പദ്ധതിയുടെ ഭാഗമായാണ് വന്നത്. എന്നാൽ എംഎൽഎയായ ഞാൻ ഇതൊന്നും അറിഞ്ഞില്ല. എന്റെ മണ്ഡലമാണത്. അവിടെ അങ്ങനെ വരാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു? എങ്ങനെ കളക്ടറുടെ കൂടെ പോയി? ആർക്കും എന്തുചെയ്യാമെന്നതല്ല ജനാധിപത്യം,” സുധാകരൻ വ്യക്തമാക്കി.

Also read: