22/11/2026
[fontresizer_tawhidurrahmandear_widget]

‘പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ കഴിയില്ല, എണ്ണക്കമ്പനികൾക്ക് 42,000 കോടി നഷ്ടം’: സുരേഷ് ഗോപി

 ‘പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ കഴിയില്ല, എണ്ണക്കമ്പനികൾക്ക് 42,000 കോടി നഷ്ടം’: സുരേഷ് ഗോപി

സുരേഷ് ഗോപി

പെട്രോളിന്റെയും ഡീസലിന്റെയും വില സമീപകാലത്ത് കുറയ്ക്കാൻ കഴിയുന്ന സ്ഥിതിയില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. എണ്ണക്കമ്പനികൾക്ക് 42,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം മീനാമ്പക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക സ്ഥിതി പരിഗണിച്ച് പെട്രോളിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് അധികാരമുണ്ടെന്നും, എണ്ണ വിലയിൽ ഏതെങ്കിലും തരത്തിൽ കുറവ് വരുത്തുന്നതിന് മുൻപ് എണ്ണക്കമ്പനികളുടെ സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വില നാളെ മുതൽ കുറയണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. സാങ്കേതികമായി അത് സാധ്യമല്ല. 42,000 കോടിയുടെ നഷ്‌ടം ഇപ്പോൾ എണ്ണക്കമ്പനികൾക്കുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്,” പശ്ചിമേഷ്യൻ യുദ്ധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വിശദീകരിച്ച് സുരേഷ് ഗോപി പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചാലും ആദ്യം എണ്ണക്കമ്പനികളെ പരിഗണിക്കേണ്ടി വരുമെന്നും കേരളത്തിലും കർണാടകയിലുമെല്ലാം പെട്രോളിന് നന്നായി വില വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പെട്രോളിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ നേരിടുന്ന പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാൻ കേന്ദ്രസർക്കാർ മതിയായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മതിയായ മുൻകരുതലില്ലാതെ വൻതോതിൽ പെട്രോളിൽ എഥനോൾ ചേർക്കാൻ കേന്ദ്രസർക്കാരാണ് നിർദേശം നൽകിയതെന്നും ഈ ക്രമക്കേടിൽ അടിയന്തര അന്വേഷണം ഉണ്ടാകണമെന്നും കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ആവശ്യപ്പെട്ടു. ഇ10, ഇ20, ഇ30 എന്നിങ്ങനെ എഥനോൾ ചേർക്കലിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് ആവശ്യമായ പഠനങ്ങൾ പോലും നടത്താതെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

30 ശതമാനം പോലും എഥനോൾ സംഭരിക്കാതെയാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കിയതെന്നും എം.ബി. പാട്ടീൽ വിമർശിച്ചു. “ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ രാജ്യത്ത് എഥനോൾ വൻതോതിൽ ഉൽപാദിപ്പിക്കാൻ നേരത്തെ ആഹ്വാനം ചെയ്‌തു. ഇപ്പോൾ അതിൽ നിന്ന് 20-30 ശതമാനം പോലും സംഭരിക്കാൻ തയാറാകുന്നില്ല. വൻ ക്രമക്കേടും അഴിമതിയുമെന്ന മന്ത്രി റിസ്‌വാൻ അർഷാദിന്റെയും രാഹുൽ ഗാന്ധിയുടെയും ആരോപണങ്ങളിൽ കഴമ്പുണ്ട്. കേന്ദ്രസർക്കാരിൻ്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണം,” മന്ത്രി പറഞ്ഞു.

Also read: