‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്കേ ഉച്ചരിച്ചിട്ടില്ല, ഏത് പ്രസംഗം വേണേലും എടുത്ത് നോക്കാം’: സുരേഷ് ഗോപി
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിനിൽക്കെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
“എയിംസിനെ സംബന്ധിച്ച് ഇലക്ഷൻ പ്രചാരണത്തിലും അങ്ങനെ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു പരിശോധിക്കാം,” എന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ എയിംസിനായി മണ്ണുത്തി, കേരള പൊലീസ് അക്കാദമി വളപ്പ് എന്നിവിടങ്ങളിൽ അനുയോജ്യമായ ഭൂമിയുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കൂടാതെ, മറ്റത്തൂർ പഞ്ചായത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാർ വിഷയത്തിൽ വിമുഖത കാണിച്ചെന്നും നിലവിലെ സർക്കാരെങ്കിലും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. തൃശൂരിൽ മത്സരിക്കുന്നതിന് മുൻപ് എയിംസ് ആലപ്പുഴയിൽ വരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും സുരേഷ് ഗോപി സമ്മതിക്കുന്നുണ്ട്. എന്നാൽ, പ്രചാരണ സമയത്ത് ഏറെ ചർച്ചയായ “എയിംസ് വരും കേട്ടോ മറ്റേ മോനെ” എന്ന പരാമർശം നിലനിൽക്കെയാണ് സുരേഷ് ഗോപിയുടെ ഈ പ്രതികരണം.