02/09/2026
[fontresizer_tawhidurrahmandear_widget]

‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍

 ‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറയുന്നത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതൽ ‘സഹായം’ ആവശ്യപ്പെടുന്നതിൽ നിന്ന് ‘നീതിക്കും നഷ്ടപരിഹാരത്തിനും’ വേണ്ടിയുള്ള പോരാട്ടത്തിലേക്ക് മാറ്റുകയാണ്’ – ശിശിർ ഖനൽ പറഞ്ഞു.

ആഗോള തലത്തിൽ ഹരിതഗൃഹ വാതകം പുറത്തുവിടുന്നതിന്റെ വെറും 0.04% മാത്രമാണ് നേപ്പാൾ പുറന്തള്ളുന്നത്. അതുകൊണ്ടു തന്നെ തങ്ങൾ ഉണ്ടാക്കാത്ത ഒരു പ്രതിസന്ധിയുടെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന രാജ്യം ചൈനയാണ് (29% – 33%). രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്- പ്രതിവർഷം 6.2 ബില്യൺ മെട്രിക് ടൺ. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് (7.3% മുതൽ 8.3% വരെ).

യുഎൻ പിന്തുണയോടെയുള്ള ‘ലോസ് ആൻഡ് ഡാമേജ് ഫണ്ടിൽ’ നേപ്പാൾ ഔദ്യോഗികമായി സാമ്പത്തിക സഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മാത്രമല്ല, വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് ഇക്കാര്യം ഉന്നയിക്കാൻ നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷായും പദ്ധതിയിടുന്നുണ്ട്. അതേസമയം, പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ ഇന്ത്യ വളരെ പിന്നിലാണെന്നും മുൻകാലങ്ങളിൽ കൂടുതൽ മലിനീകരണം നടത്തിയ വികസിത രാജ്യങ്ങളാണ് സാമ്പത്തിക ഭാരം വഹിക്കേണ്ടതെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

നിലവിൽ നേപ്പാളിലേക്ക് ഇന്ത്യയും ചൈനയും സഹായ സാമഗ്രികളും രക്ഷാപ്രവർത്തന സംഘങ്ങളെയും അയച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് രക്ഷാപ്രവർത്തകരും മരുന്നുമായി ഒരു വിമാനംകൂടി നേപ്പാളിൽ എത്തി. അഞ്ചാം വിമാനത്തിൽ 11 രക്ഷാ പ്രവർത്തകരും അഞ്ചര ടൺ മരുന്നുകളുമാണ് ഉള്ളത്. യു.എസിൽ നിന്നുള്ള വിദഗ്ധ സംഘവും രക്ഷാദൗത്യത്തിനായി എത്തിയിട്ടുണ്ട്.

അതേസമയം, നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 1127 ആയി. 95 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇനിയും 4858 പേരെ കണ്ടെത്താനുണ്ട്. 16 ലക്ഷം പേരെ പ്രളയം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചെന്നാണ് നേപ്പാൾ സർക്കാരിന്റെ കണക്ക്. ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനും ശ്രമം തുടരുകയാണ്. 163 ഇന്ത്യക്കാരെ ഇന്നലെ രക്ഷിച്ചു. അതിനിടെ വിവിധ നദികളിൽ വീണ്ടും ജലനിരപ്പ് ഉയർന്നതോടെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Also read: