മൊബൈൽ ഫോണുകളുടെ വില കുറഞ്ഞേക്കും; ജിഎസ്ടി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ വില കുറഞ്ഞേക്കും. ഫോണുകളുടെ ജിഎസ്ടി നിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതോടെയാണ് മൊബൈൽ ഫോൺ വില കുറയാൻ കളമൊരുങ്ങുന്നത്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിൽ 18 ശതമാനം നിരക്കിലാണ് മൊബൈൽ ഫോണിന് ജിഎസ്ടി ഈടാക്കുന്നത്.
25,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ നികുതിയായിരിക്കും കുറക്കുക. മൊബൈൽ ഫോൺ വിൽപന മന്ദഗതിയിലായെന്ന സർക്കാർ വിലയിരുത്തലിനെ തുടർന്നാണ് നികുതി കുറക്കുന്നത്. രാജ്യത്ത് ഇപ്പോഴും വിൽപന നടത്തുന്ന മൂന്നിൽ രണ്ട് ഫോണുകളും 25,000 രൂപയിൽ താഴെ വിലയുള്ളതാണ്. 35 കോടിയോളം പേർ ഇപ്പോഴും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്.
ഉപഭോക്താക്കളെ പുതിയ ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും ഡിജിറ്റൽ അന്തരം നികത്താനും ഇന്റർനെറ്റ് ലഭ്യത വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഗ്രാമീണമേഖലയിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതലായി നൽകാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളാണ് ഇന്ത്യ. മുമ്പ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണം പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ വൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 62,000 കോടിയുടെ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്.