30/07/2026
[fontresizer_tawhidurrahmandear_widget]

‘ഇനി ആർമിയുടെ യൂണിഫോമും കാവിയാക്കും’; ഹോക്കി ടീമുകളുടെ ജേഴ്‌സി കാവിയാക്കിയതിൽ രൂക്ഷവിമർശനം

 ‘ഇനി ആർമിയുടെ യൂണിഫോമും കാവിയാക്കും’; ഹോക്കി ടീമുകളുടെ ജേഴ്‌സി കാവിയാക്കിയതിൽ രൂക്ഷവിമർശനം

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ നീല ജേഴ്‌സി മാറ്റി പുതിയ കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച നടപടിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്ത്. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് രാജ്യത്തെ പൊതുസ്ഥാപനങ്ങളെയും ദേശീയ പ്രതീകങ്ങളെയും ‘കാവിവത്കരിക്കാൻ’ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് സമുച്ചയത്തിൽ ആരോപിച്ചു.

ഇന്ന് ഹോക്കി ടീമിന്റെ ജേഴ്‌സിയുടെ നിറം മാറ്റിയവർ നാളെ ആർമിയുടെ യൂണിഫോമിന്റെ നിറവും ഇതുപോലെ കാവിയാക്കിയേക്കുമെന്ന് കോൺഗ്രസ് എം.പി അമർ സിംഗ് മുന്നറിയിപ്പ് നൽകി. ഓരോ ദേശീയ പ്രതീകത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ടെന്നും അധികാരം ഉപയോഗിച്ച് രാഷ്ട്രീയ ആവശ്യങ്ങൾക്കായി അത് മാറ്റുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എസ് സ്വാധീനമുള്ള വിദ്യാഭ്യാസ നയത്തിലൂടെ വസ്ത്രധാരണവും ചരിത്രവും മാറ്റാൻ സർക്കാരിന് കഴിഞ്ഞേക്കുമെങ്കിലും ഈ രാജ്യത്തെ യുവാക്കളുടെ ചിന്ത എന്താണെന്ന് അവർ മനസ്സിലാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി നടന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ് എവിടെയും ഉണ്ടായിരുന്നില്ലെന്നും ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിന്റെ യഥാർത്ഥ ലക്ഷ്യം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തായാലും മറ്റ് മേഖലകളിലായാലും ഒരു പ്രത്യേക ആശയസംഹിത അടിച്ചേൽപ്പിക്കാനുള്ള ഇടുങ്ങിയ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ വിവാദമെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവറും കുറ്റപ്പെടുത്തി. കായികരംഗത്തെ നേട്ടങ്ങൾ ജേഴ്‌സിയുടെ നിറത്തെക്കാൾ കളിക്കാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും, പരമ്പരാഗതമായി നീല നിറവുമായി ബന്ധപ്പെട്ടു കിടക്കുന്ന കായിക ഐഡന്റിറ്റിയിൽ എന്തിനാണ് മതപരമായ നിറം അടിച്ചേൽപ്പിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് ചോദിച്ചു.

നെതർലാൻഡ്‌സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ഹോക്കി ഇന്ത്യ പുതിയ കാവി ജേഴ്‌സി പുറത്തിറക്കിയത്. ധീരത, ത്യാഗം, വിജയം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ നിറമെന്നും ദേശീയ പതാകയിൽ നിന്നും ഉദ സൂര്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തതെന്നുമാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം.

അശോകചക്രത്തിൽ നിന്നുള്ള നീല വരകളും ഒഡീഷയുടെ സംഭാവനകളും ദേവനാഗരി ലിപിയിലുള്ള ‘ഇന്ത്യ’ എന്ന എഴുത്തും ഉൾക്കൊള്ളുന്നതാണ് പുതിയ ഡിസൈൻ. എന്നാൽ, ഹോക്കി ഇന്ത്യയുടെ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്‌ക്വിഞ്ഞ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും ‘നീല’ നിറമായിരുന്നുവെന്നും ആരാധകർ ടീമിനെ നീലക്കുപ്പായത്തിൽ കാണാനാണ് ആഗ്രഹിക്കുന്നതെന്നും, ഓറഞ്ച് നിറം കൊണ്ടുവന്നതിന് പിന്നിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ആഗസ്റ്റ് 15 മുതൽ 30 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിലാണ് ഇന്ത്യൻ ടീം ആദ്യമായി ഈ പുതിയ ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങുക.

Also read: