‘സിപിഎമ്മിനെ അവർക്ക് മനസ്സിലായിട്ടില്ല, ഭീഷണിയും വശീകരണവും കൊണ്ട് ബിജെപിയിൽ ചേരുന്ന പാർട്ടിയല്ലത്’; വീണയെ ലക്ഷ്യമിടുന്നത് പിണറായിയുടെ മകളായതിനാലെന്ന് എം.എ ബേബി
തിരുവനന്തപുരം: പിണറായി വിജയന്റെ മകളായതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണാ വിജയനെ വേട്ടയാടുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഭീഷണിയോ വശീകരണ തന്ത്രങ്ങളോ ഉപയോഗിച്ച് ബിജെപിയിൽ ചേർക്കാൻ കഴിയുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കുന്ന തന്ത്രം സിപിഎമ്മിനോട് ചെലവാകില്ല. ബിജെപിയുടെ കൂട്ടുകക്ഷിയാകാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നത് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. മുൻപ് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ അടക്കമുള്ള ഏജൻസികൾ കേന്ദ്രത്തിന്റെ കൈയിലെ ഉപകരണങ്ങളായി മാറിയിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ ദേശീയതലത്തിൽ നിലപാടെടുക്കുന്ന കോൺഗ്രസ്, കേരളത്തിൽ കേന്ദ്ര സർക്കാറിന്റെ സിപിഎം വേട്ടയ്ക്ക് കൂട്ടുനിൽക്കുന്നത് വിചിത്രമാണ്. കർണാടകയിൽ നേതാക്കൾക്കെതിരെ ഇ.ഡി നീക്കമുണ്ടാകുമ്പോൾ എതിർക്കുന്ന കോൺഗ്രസ്, കേരളത്തിൽ വെവ്വേറെ നിലപാടാണ് സ്വീകരിക്കുന്നത്. ഈ വൈരുധ്യം ദേശീയ നേതൃത്വങ്ങളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വിശദീകരിക്കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.
വന്ദേമാതരം ആലപിക്കുന്നതിലും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും വൈസ് ചാൻസലർ നിയമനങ്ങളിലും ബിജെപിയെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് സർക്കാറിന്റേത്. മുൻപ് കോടതി തള്ളിക്കളഞ്ഞ മാസപ്പടി വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരാനാണ് ഇവരുടെ ശ്രമം. സിപിഎമ്മിനെ തകർക്കാൻ പിണറായി വിജയനെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.