‘ഇതൊരു അപകടമല്ല, ബിജെപി സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണ്’; മണിപ്പൂർ വിഷമദ്യ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഇംഫാൽ: മണിപ്പൂരിലെ വിഷമദ്യ ദുരന്തത്തിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതൊരു അപകടമല്ലെന്നും മറിച്ച് സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച രാഹുൽ ഗാന്ധി, ആശുപത്രിയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും കുറിച്ചു.
“ഇതൊരു അപകടമല്ല. ബി.ജെ.പി സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണ്. മുൻപ് കലാപം ഉണ്ടായി നൂറുകണക്കിന് വീടുകൾ തകർത്തു. ഇപ്പോൾ വിഷമദ്യം നാശം വിതയ്ക്കുന്നു,” രാഹുൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം,” രാഹുൽ കൂട്ടിച്ചേർത്തു.
വ്യാജ മദ്യം കഴിച്ച് 18 പേർ മരിക്കുകയും ആയിരത്തിലധികം പേർ ആശുപത്രിയിലാകുകയും ചെയ്തതായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെയ്ഷാം മേഘചന്ദ്ര സിങ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മദ്യത്തിൽ മെഥനോൾ കലർന്നിരുന്നെന്നും സംഭവത്തിന് സംസ്ഥാന എക്സൈസ് വകുപ്പാണ് ഉത്തരവാദിയെന്നും മേഘചന്ദ്ര സിങ് കുറ്റപ്പെടുത്തി. നിരവധി രോഗികളുടെ നില ഗുരുതരമാണെന്നും മെഥനോൾ കലർന്ന മദ്യമായതിനാൽ പലർക്കും വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് ദുരന്തമുണ്ടായത്. സമീപ ജില്ലയായ കാൻ ചിങ്ങിൽ നിന്നാണ് വിഷമദ്യം വാങ്ങി കഴിച്ചതെന്ന് ചന്ദേൽ പൊലീസ് അറിയിച്ചു. മദ്യം കഴിച്ചതിന് പിന്നാലെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളർന്നുവീഴുകയും ചെയ്യുകയായിരുന്നു.