25/11/2026
[fontresizer_tawhidurrahmandear_widget]

കൈക്കുഞ്ഞുമായി പാർലമെന്റിൽ പ്രസംഗിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ ഫാത്തിമ പേമാൻ; കുഞ്ഞിനൊപ്പം ഒളിച്ചുകളിച്ച് സഹപ്രവർത്തക, ഹൃദയം കവർന്ന് വീഡിയോ

 കൈക്കുഞ്ഞുമായി പാർലമെന്റിൽ പ്രസംഗിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ ഫാത്തിമ പേമാൻ; കുഞ്ഞിനൊപ്പം ഒളിച്ചുകളിച്ച് സഹപ്രവർത്തക, ഹൃദയം കവർന്ന് വീഡിയോ

കാൻബറ: ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഒക്കത്തെടുത്ത് പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കുന്ന ഓസ്‌ട്രേലിയൻ സെനറ്റർ ഫാത്തിമ പേമാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള സ്വതന്ത്ര സെനറ്ററായ ഫാത്തിമ, തന്റെ മകൾ ആലിയയെ എടുത്തുകൊണ്ട് സെനറ്റിൽ ഔദ്യോഗിക നടപടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഏവരുടെയും ഹൃദയം കവരുന്നത്. ഫാത്തിമ പേമാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ലോകമെമ്പാടും ശ്രദ്ധ നേടിയത്.

ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ, ബില്ലിലെ വിവിധ വ്യവസ്ഥകൾക്ക് തന്റെ പിന്തുണ ഔദ്യോഗികമായി രേഖപ്പെടുത്താൻ മൈക്കിന് മുന്നിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കുകയായിരുന്നു ഫാത്തിമ പേമാൻ. അമ്മ ഗൗരവത്തോടെ സഭയെ അഭിസംബോധന ചെയ്യുമ്പോൾ, തോളിലേക്ക് തിരിഞ്ഞുനോക്കിയ കുഞ്ഞ് ആലിയയെ പിന്നിലിരുന്ന മറ്റൊരു സ്വതന്ത്ര സെനറ്ററായ ലിഡിയ തോർപ്പ് കളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. മുന്നോട്ട് ആഞ്ഞിരുന്ന് കുഞ്ഞിനൊപ്പം ഒളിച്ചുകളി കളിച്ച് ആലിയയെ ചിരിപ്പിക്കുന്ന ലിഡിയ തോർപ്പിന്റെ ദൃശ്യങ്ങൾ ഗൗരവമേറിയ പാർലമെന്റ് നടപടികൾക്കിടയിലെ മനോഹരമായ നിമിഷമായി മാറി.

ജോലിത്തിരക്കുകൾക്കും പൊതുപ്രവർത്തനത്തിനും ഇടയിൽ കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടി വരുന്ന അമ്മമാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ വീഡിയോയെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2022-ൽ ഓസ്‌ട്രേലിയൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ പേമാൻ, ഹിജാബ് ധരിച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റിലെത്തുന്ന ആദ്യ അംഗവും പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ സെനറ്ററുമാണ്. 2016-ൽ പരിഷ്കരിച്ച ഓസ്‌ട്രേലിയൻ പാർലമെന്റ് ചട്ടങ്ങൾ പ്രകാരം, എം.പിമാർക്കും സെനറ്റർമാർക്കും തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ സഭയ്ക്കുള്ളിൽ കൊണ്ടുവരാനും മുലയൂട്ടാനും ഔദ്യോഗികമായി അനുമതിയുണ്ട്. മാതൃത്വവും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഒരുപോലെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്ന ഫാത്തിമ പേമാന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

Also read: