25/11/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലി ഏറ്റെടുത്ത് 18-കാരൻ; ‘എസ്ഐആർ പട്ടികയിലെ വിവരങ്ങൾ ഇനി എളുപ്പത്തിൽ ലഭിക്കും’; വോട്ടർ പട്ടിക ഡിജിറ്റലൈസ് ചെയ്ത് എഥിക്കൽ ഹാക്കർ സാർത്ഥക് സിദ്ധാന്ത്

 തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലി ഏറ്റെടുത്ത് 18-കാരൻ; ‘എസ്ഐആർ പട്ടികയിലെ വിവരങ്ങൾ ഇനി എളുപ്പത്തിൽ ലഭിക്കും’; വോട്ടർ പട്ടിക ഡിജിറ്റലൈസ് ചെയ്ത് എഥിക്കൽ ഹാക്കർ സാർത്ഥക് സിദ്ധാന്ത്

റാഞ്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പട്ടികയിൽ നിന്ന് വോട്ടർമാർക്ക് തങ്ങളുടെ പേരുകളും മറ്റ് വിവരങ്ങളും എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയൊരുക്കി എഥിക്കൽ ഹാക്കർ സാർത്ഥക് സിദ്ധാന്ത്. കമ്മീഷൻ പങ്കുവെച്ച സ്കാൻ ചെയ്ത പിഡിഎഫ് ഫയലുകൾ ഡിജിറ്റലൈസ് ചെയ്യുകയാണ് സാർത്ഥകും സംഘവും ചെയ്തത്. ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിലുള്ള 6.8 ലക്ഷം പിഡിഎഫ് ഫയലുകൾ ഇത്തരത്തിൽ ഡിജിറ്റലൈസ് ചെയ്തതായി സാർത്ഥക് തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലെയും 54.8 കോടി വരുന്ന വോട്ടർ രേഖകളാണ് ഇത്തരത്തിൽ ഡിജിറ്റലൈസ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വോട്ടർ പട്ടിക ഓൺലൈനായി പുറത്തുവിട്ടിരുന്നുവെങ്കിലും ഭൂരിഭാഗം വിവരങ്ങളും സ്കാൻ ചെയ്ത പിഡിഎഫുകളുടെ രൂപത്തിലായിരുന്നു. ഇതിൽ നിന്ന് പേരടക്കമുള്ള വിവരങ്ങൾ കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമായിരുന്നു. എന്നാൽ സാർത്ഥകിന്റെ ഈ നടപടിയോടെ ഇനി പേരും മറ്റ് വിവരങ്ങളും വളരെ എളുപ്പത്തിൽ ലഭ്യമാകും.

18-കാരനായ സാർത്ഥകിന്റെ ഈ പ്രവൃത്തിക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്. റാഞ്ചി സ്വദേശിയായ സാർത്ഥകിന്റെ ഇടപെടലുകൾ ഇതാദ്യമായല്ല പൊതുശ്രദ്ധ നേടുന്നത്. നേരത്തെ സി.ബി.എസ്.ഇയുടെ ഓൺലൈൻ ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയായ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (ഒ.എസ്.എം) സമ്പ്രദായത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ സാർത്ഥകിന്റെ നടപടി ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിന്റെ ഒ.എസ്.എം പ്രക്രിയയ്ക്കുള്ള ടെൻഡർ കോഎംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്കാണ് ലഭിച്ചിരുന്നത്. ഇതിനെക്കുറിച്ച് സാർത്ഥക് തന്റെ വെബ്സൈറ്റിൽ വിശദമായി പങ്കുവെച്ചിരുന്നു. സെൻട്രൽ പബ്ലിക് പ്രൊക്യുയർമെന്റ് പോർട്ടലിൽ നിന്ന് ശേഖരിച്ച ഏകദേശം 16.6 കോടി സർക്കാർ ടെൻഡർ രേഖകളും സാർത്ഥക് ഇതിനൊപ്പം പുറത്തുവിട്ടു. ഈ കമ്പനിക്ക് ടെൻഡർ ലഭിക്കുന്നതിനായി സി.ബി.എസ്.ഇ നിയമങ്ങൾ എങ്ങനെയാണ് തിരുത്തിയതെന്ന് വിശദമാക്കുന്നതായിരുന്നു വെബ്സൈറ്റിൽ പങ്കുവെച്ച ബ്ലോഗ്. തന്റെ വിശദമായ കണ്ടെത്തലുകൾ പിന്നീട് കോൺഗ്രസ് എം.പി ദിഗ്‌വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ സാർത്ഥക് സമർപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, സാർത്ഥകിന്റെ ഈ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. 2026-ലെ ‘ടൈം 100 നെക്സ്റ്റ് ഇന്ത്യ’ പട്ടികയിലും സാർത്ഥക് ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിലെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് സാർത്ഥക് അറിയിച്ചത്.

2024 ലോക്‌സഭാ തംരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക, 2027-ലെ എസ്.ഐ.ആർ പട്ടിക, കരട് പട്ടിക, അന്തിമ വോട്ടർ പട്ടിക എന്നിവയാണ് സാർത്ഥക് ഇതിനായി പരിഗണിച്ചത്. നിലവിൽ ഈ വിവരങ്ങൾ വേർതിരിച്ചെടുക്കണമെങ്കിൽ ഓരോ പിഡിഎഫ് ഫയലും തുറന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ സാർത്ഥകിന്റെ ഈ ചുവടുവെപ്പോടെ ഇനി മുതൽ വിവരങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താനും താരതമ്യം ചെയ്യാനും വിശദമായ വിശകലനങ്ങൾ നടത്താനും സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട നടപടികളാണ് സാർത്ഥക് നടത്തിയതെന്നും ഇതാണ് യഥാർത്ഥത്തിലുള്ള പൊതുസേവനമെന്നും പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.

Also read: