‘ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ നിയമസാധുത എസ്ഐആര്‍ ഇല്ലാതാക്കി: മുസ്ലിം വോട്ടർമാരെ ഒഴിവാക്കി, ആവശ്യമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം’; മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിയമപരമായി സാധുതയുള്ളതല്ലെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന ഹാഷിം അബ്ദുൾ ഹലീം മെമ്മോറിയൽ ലെക്ചറിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെയും വിവാദമായ എസ്ഐആർ നടപടിയെയും രൂക്ഷമായി വിമർശിച്ചത്.
മുസ്ലിം വോട്ടർമാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ വോട്ടർമാരെ പട്ടികയിൽനിന്ന് സംശയാസ്പദമായ രീതിയിൽ നീക്കം ചെയ്തിട്ടുണ്ടെന്നും, അത്തരം പ്രദേശങ്ങളിൽ പുനഃപരിശോധന നടത്തി ആവശ്യമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ചില ഭാഗങ്ങൾ ഒരുപക്ഷെ സാധുവായിരുന്നിരിക്കാമെങ്കിലും ഈ വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ ശരിയായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങൾ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഖുറേഷി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നത് കമ്മീഷന്റെ മുഴുവൻ അധികാരവുമുള്ള ഒറ്റപ്പെട്ട പദവിയല്ല. ചട്ടങ്ങൾ പ്രകാരം കമ്മീഷനിൽ ഏകകണ്ഠമായ തീരുമാനങ്ങളാണ് എപ്പോഴും ഉണ്ടാകേണ്ടത്. അതിന് കഴിയാത്ത സാഹചര്യത്തിൽ കമ്മീഷനിലെ മൂന്ന് അംഗങ്ങൾ ചേർന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.
വോട്ടവകാശം ലഭിക്കാൻ പൗരന്മാർ യാചിക്കേണ്ട സാഹചര്യമുണ്ടാകരുത്. മുൻകാലങ്ങളിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഓരോരുത്തരുടെയും വീടുകളിൽ നേരിട്ട് എത്തിച്ചിരുന്നുവെന്നും വോട്ടർപട്ടികയിൽ ഇടംനേടാൻ അധികാരികളുമായി ചർച്ച നടത്തേണ്ട അവസ്ഥ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ പൗരത്വം സംബന്ധിച്ച പരിശോധനകൾ പിൻവാതിലിലൂടെ നടത്താനുള്ള ഒരു മാർഗമായി എസ്ഐആർ പ്രക്രിയയെ ഉപയോഗിച്ചുവെന്നും, ഇതിനെപ്പറ്റി നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, എസ്.വൈ. ഖുറേഷിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് രംഗത്തെത്തി. നിലവിലെ സർക്കാർ അധികാരത്തിലേറിയിട്ട് ആറു മുതൽ ഏഴു മാസം വരെയായെന്നും ജനങ്ങൾ ഈ സർക്കാരിൽ പൂർണ്ണ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാലാകാം ചിലർ ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് ദിലീപ് ഘോഷ് പ്രതികരിച്ചു. ജനവിധി അംഗീകരിക്കാനും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അംഗീകരിക്കാനും എല്ലാവരും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം എതിർക്കുന്നവർക്ക് മുന്നിലുള്ള വഴികൾ കൂടുതൽ പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.