20/10/2026
[fontresizer_tawhidurrahmandear_widget]

‘നാലെണ്ണം കൈവശം വെക്കാൻ ഇതെന്താ ക്രെഡിറ്റ് കാർഡാണോ?’; നാല് വോട്ടർ ഐഡിയുണ്ടെന്ന പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രകാശ് രാജ്

 ‘നാലെണ്ണം കൈവശം വെക്കാൻ ഇതെന്താ ക്രെഡിറ്റ് കാർഡാണോ?’; നാല് വോട്ടർ ഐഡിയുണ്ടെന്ന പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രകാശ് രാജ്

കോഴിക്കോട്: തനിക്ക് നാല് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഇതൊരു ക്രെഡിറ്റ് കാർഡാണോ നാലെണ്ണം കൈവശം വെക്കാൻ എന്ന് ചോദിച്ച അദ്ദേഹം, തനിക്ക് നാല് വോട്ടർ ഐഡിയുണ്ടെന്നത് തികച്ചും വ്യാജമായ വാർത്തയാണെന്നും വ്യക്തമാക്കി. ഒരു പ്രമുഖ മലയാള ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സത്യാവസ്ഥ അദ്ദേഹം തുറന്നുപറഞ്ഞത്.

2018-ൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ സമയത്താണ് ‘വാട്സാപ്പ് യൂണിവേഴ്സിറ്റി’ വഴി ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉയർന്നതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. നാല് സ്ഥലങ്ങളിൽ വോട്ടുള്ളതിനാൽ മത്സരിക്കാനാകില്ലെന്ന് 2019-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചപ്പോൾ തന്നെ താൻ കൃത്യമായ വിശദീകരണം നൽകിയിരുന്നു. 20 വർഷത്തോളം തമിഴ്നാട്ടിലായിരുന്ന കാലത്ത് അവിടെ വോട്ടുണ്ടായിരുന്നു. എന്നാൽ അവിടെനിന്ന് മാറുന്ന സമയത്ത് അത് ഒഴിവാക്കാനായി ഫോം 7 സമർപ്പിച്ചിരുന്നതായും അതിന്റെ രേഖകൾ കയ്യിലുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. തുടർന്നാണ് ബെംഗളൂരുവിൽ പുതിയ വോട്ട് ലഭിച്ചത്. ബാക്കിയുള്ളവ വ്യാജമാണെന്ന് തെളിയിക്കാൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയും മത്സരിക്കാൻ അനുമതി നൽകുകയും ചെയ്തു.

എന്നാൽ ഇതിന് പിന്നാലെ ആരോ തനിക്കെതിരെ സ്വകാര്യ പരാതി നൽകുകയും മാധ്യമങ്ങൾ ഇത് വീണ്ടും വാർത്തയാക്കുകയും ചെയ്തു. തെറ്റായ വിലാസത്തിലേക്കാണ് തനിക്ക് കോടതി സമൻസ് അയച്ചതെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകൻ വഴി നടത്തിയ പരിശോധനയിൽ വ്യക്തമായി. സത്യവാങ്മൂലത്തിൽ കൃത്യമായ വിലാസവും ഫോൺ നമ്പറും ഇമെയിലും നൽകിയിട്ടും എന്തിനാണ് തെറ്റായ വിലാസത്തിലേക്ക് സമൻസ് അയച്ചതെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച താൻ, വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകുകയും ചെയ്തു. പ്രകാശ് രാജിന് ബെംഗളൂരുവിൽ മാത്രമാണ് വോട്ടുള്ളതെന്ന് തമിഴ്നാട്, തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷനുകളെ ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച മറുപടി.

നിലവിൽ ഹൈക്കോടതി ഈ വ്യാജ പരാതി നൽകിയ ആളെ വിളിപ്പിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ഇതൊന്നും വാർത്തയാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. തനിക്കെതിരായ ആരോപണങ്ങൾ സത്യമായിരുന്നെങ്കിൽ താൻ ഇതിനോടകം ജയിലിലാകേണ്ടതല്ലേയെന്നും പ്രകാശ് രാജ് ചോദിച്ചു. 10,000 രൂപ വാങ്ങി നാല് സംസ്ഥാനങ്ങളിൽ പോയി വോട്ട് ചെയ്തുവെന്നൊക്കെ പറയുന്നത് എത്രത്തോളം യുക്തിസഹമാണെന്നും ആളുകൾക്ക് കുറച്ചെങ്കിലും സാമാന്യബോധം വേണ്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: