‘അന്ധരാകാതിരിക്കുക; അന്ധമായ രാഷ്ട്രീയ ആരാധന രാജ്യത്തിന്റെ അടിത്തറ തകർത്തേക്കാം’: ജന്തർമന്തർ സമരത്തിന് പിന്തുണയുമായി ജോബ് കുര്യൻ
തിരുവനന്തപുരം: അന്ധമായ രാഷ്ട്രീയ കൂറും നേതാക്കളോടുള്ള ആരാധനയും രാജ്യത്തിന്റെ അടിത്തറ തകർക്കുമെന്നും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും പ്രമുഖ ഗായകൻ ജോബ് കുര്യൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആറിനെതിരെ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കണമെന്ന് ജോബ് കുര്യൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ തകർന്ന വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ലെന്നും പൗരന്മാരുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്ന ഭരണാധികാരികൾ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
സാധാരണക്കാർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകൂടങ്ങൾ മതപരമായ ഭിന്നിപ്പുകൾ ഉണ്ടാക്കുന്നതും ഭാഷ അടിച്ചേൽപ്പിക്കുന്നതും ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുന്നതും. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളെ ജനങ്ങൾ തിരിച്ചറിയണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും, വെറുപ്പിന് പകരം സ്നേഹവും സമാധാനവും വിജയിക്കണമെന്നും വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.