എസ്ഐആർ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഗ്യാനേഷ് കുമാർ; വിവാഹ സൽക്കാരത്തിലെ ചിത്രം ചർച്ചയാകുന്നു
ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) കൈകാര്യം ചെയ്ത രീതിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ആരംഭിച്ചതിന് പിന്നാലെ പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാർ വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു സ്വകാര്യ വിവാഹ സൽക്കാരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഉപേന്ദ്ര ജെയിൻ തന്റെ മകനുവേണ്ടി ഒരുക്കിയ വിവാഹ സൽക്കാരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് സിംഗിനും മധ്യപ്രദേശ് നിയമസഭാ സ്പീക്കർ നരേന്ദ്ര സിംഗ് തോമറിനും ഒപ്പം ഗ്യാനേഷ് കുമാർ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
10 മാസത്തിനിടെ എസ്ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിംഗ് സന്ധുവും 14 എതിർപ്പുകൾ ഉന്നയിച്ചതായി സെപ്റ്റംബർ 23-ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തതിന് ശേഷം ഗ്യാനേഷ് കുമാർ പൊതുവേദിയിൽ വരികയോ ആരോപണങ്ങളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് ‘ദി വയർ’ ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് മുമ്പ് നടത്തിയ വാർത്താസമ്മേളനങ്ങളിൽ, വോട്ട് മോഷണം ആരോപിക്കുകയും എസ്ഐആർ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം കർശനമായി സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവിധ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തിവരികയാണ്. പ്രതിഷേധക്കാർക്ക് നേരെയുള്ള നടപടികളും കൂട്ട അറസ്റ്റുകളും ഉണ്ടായിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മൗനം വെടിഞ്ഞിരുന്നില്ല.
ഫോം 6-ലെ പരിഷ്കാരങ്ങൾ, വിട്ടുപോയ വോട്ടർമാരെ ഉൾപ്പെടുത്താനുള്ള പ്രത്യേക ഡ്രൈവുകൾ, പരാതികളുള്ളവർക്കായി ഹിയറിംഗ് നടത്താനുള്ള വ്യവസ്ഥകൾ എന്നിവയുൾപ്പെടെ എസ്ഐആർ നടപടികളിലെ മാറ്റങ്ങൾ അറിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ, വിവാദങ്ങളോട് ഗ്യാനേഷ് കുമാർ നേരിട്ട് പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറിൽ മീററ്റിലും വാരണാസിയിലും നിശ്ചയിച്ചിരുന്ന വോട്ടർ ബോധവൽക്കരണ പരിപാടികളും ഒക്ടോബറിൽ ഛത്തീസ്ഗഡിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനവും മാറ്റിവെച്ചിരുന്നു.
അതേസമയം, ഭോപ്പാലിലെ വിവാഹ സൽക്കാരത്തിൽ വെച്ച് ഗ്യാനേഷ് കുമാറിനെ കണ്ടത് യാദൃശ്ചികമായിരുന്നുവെന്നും അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും അജയ് സിംഗ് വ്യക്തമാക്കി. അതിഥിയായാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും ഗ്യാനേഷ് കുമാറിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അജയ് സിംഗ് പറഞ്ഞു.
ബിജെപി നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ടീം അംഗവുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭാരതി പ്രത്യുഷ് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ ഈ ചിത്രത്തിൽ അജയ് സിംഗിനെ ടാഗ് ചെയ്തത്. കോൺഗ്രസ് പാർട്ടിയെ പരിഹസിക്കുന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താനൊരു പ്രോപ്പർട്ടി ഡീലറാണെന്നും “ഭഗവാൻ ഹേ മേരേ നരേന്ദ്ര മോദി ജി (പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്റെ ദൈവം)” എന്നും പ്രത്യുഷ് തന്റെ ബയോയിൽ കുറിച്ചിട്ടുണ്ട്.
ഭോപ്പാലിൽ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും, പ്രതിഷേധക്കാർ ഹോട്ടലിലും വിമാനത്താവളത്തിലും എത്തുമ്പോഴേക്കും അദ്ദേഹം മടങ്ങിയിരുന്നു. തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് ഓഫീസിന് പുറത്ത് അദ്ദേഹത്തിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പുറത്തുവന്ന ചിത്രത്തെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചോ ഗ്യാനേഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.