27/11/2026
[fontresizer_tawhidurrahmandear_widget]

ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബിജെപി യുവ നേതാക്കളുടെ സംഘം ഇസ്രയേലിലേക്ക്; സംഘത്തിൽ കാസർകോട് ജില്ലാ പ്രസിഡൻ്റും

 ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബിജെപി യുവ നേതാക്കളുടെ സംഘം ഇസ്രയേലിലേക്ക്; സംഘത്തിൽ കാസർകോട് ജില്ലാ പ്രസിഡൻ്റും

ന്യൂഡൽഹി: ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അടക്കമുള്ള യുവ രാഷ്ട്രീയ നേതാക്കളുടെ പ്രതിനിധി സംഘം ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രയേലിലേക്ക് തിരിച്ചു. ജറുസലേം, ടെൽ അവീവ്, ഗാസ അതിർത്തിയോട് ചേർന്ന മേഖല, ഹൈഫ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിക്കും.

സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഭരണനിർവഹണം, നവീകരണം, വികസനം തുടങ്ങിയ മേഖലകളിലെ ഇസ്രയേലിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ ആശയങ്ങൾ കൈമാറുന്നതിനുമാണ് സന്ദർശനമെന്ന് എം.എൽ. അശ്വിനി പറഞ്ഞു. പുതിയ കാഴ്ചപ്പാടുകൾ നേടാനും ബന്ധങ്ങൾ സ്ഥാപിക്കാനും പഠിക്കാനും അവസരമൊരുക്കിയ ഇന്ത്യ, ഇസ്രയേൽ സർക്കാരുകൾക്ക് അശ്വിനി നന്ദി അറിയിച്ചു.

കഴിഞ്ഞ മാസം മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരടക്കം 15 ബിജെപി നേതാക്കൾ ഇസ്രയേൽ സന്ദർശിച്ചിരുന്നു. മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറലാണ് സന്ദർശനം സംഘടിപ്പിച്ചത്. സ്മാർട്ട് സിറ്റി പദ്ധതികൾ, ജലപരിപാലനം, ഭൗമരാഷ്ട്രീയം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ ഇസ്രയേൽ സർക്കാർ ഒരുക്കിയ മികച്ച അവസരമാണിതെന്ന് മുംബൈ ബിജെപി അധ്യക്ഷൻ അമീത് സതം എംഎൽഎ പറഞ്ഞു.

മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് കഴിഞ്ഞയാഴ്ച പ്രതിനിധി സംഘത്തിന് യാത്രയയപ്പ് നൽകിയിരുന്നു. മുംബൈയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇസ്രയേലിലെ ജലപരിപാലന സംവിധാനങ്ങൾ ഏറെ പ്രസക്തമാണെന്ന് കൗൺസിലർ രോഹൻ റാത്തോഡ് പറഞ്ഞു. മലിനജലത്തിന്റെ 90 ശതമാനത്തോളം ഇസ്രയേൽ പുനഃചംക്രമണം ചെയ്ത് പ്രധാനമായും ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെൽ അവീവിലെ ‘ഡിജിടെൽ’ പൗരസേവന സംവിധാനവും പഠനയാത്രയുടെ ഭാഗമാണ്. റോഡ് അടച്ചിടൽ, വാർഡുതല അറിയിപ്പുകൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നഗരവാസികൾക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്. റോഡിലെ കുഴികൾ, പൈപ്പ് പൊട്ടൽ തുടങ്ങിയ പരാതികൾ നേരിട്ട് മുനിസിപ്പൽ ജീവനക്കാരെ അറിയിക്കാനും ഇതിലൂടെ സാധിക്കും. നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ഗതാഗത നിയന്ത്രണം, വാഹനത്തിരക്കിനനുസരിച്ച് ട്രാഫിക് സിഗ്നലുകൾ ക്രമീകരിക്കൽ, ഒഴിവുള്ള പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.

Also read: