മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഓരോ എംപിക്കും 150 കോടി രൂപ വാഗ്ദാനം; കേന്ദ്ര സർക്കാരിനും അമിത് ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി സഞ്ജയ് റാവത്ത്
മുംബൈ: പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനെ പിന്തുണയ്ക്കാൻ ഓരോ എംപിമാർക്കും കേന്ദ്ര സർക്കാരും ആഭ്യന്തരമന്ത്രി അമിത് ഷായും 150 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കാത്തതിനാലാണ് കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തതെന്നും, പണമെറിഞ്ഞ് എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ മഹാരാഷ്ട്രയിലെ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റാവത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുക 100 കോടി രൂപയിൽ നിന്ന് 150 കോടിയായി ഉയർന്നതായും അദ്ദേഹം അവകാശപ്പെട്ടു.
“അവർ എംപിമാരെ കൂട്ടത്തോടെ സമീപിക്കുകയാണ്. മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ ഉറപ്പാക്കാൻ 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു ദിവസം മുമ്പ് ഇത് 100 കോടി രൂപയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള എംപിമാർ ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കിൽ നിങ്ങൾ ഈ തുക ഓർത്തു വെച്ചോളൂ. അമിത് ഷാ അടിക്കടി മുംബൈ സന്ദർശിക്കുന്നത് എന്തിനാണ്? എം.പിമാർക്ക് നൽകാനുള്ള പണം മുംബൈ വഴിയാണ് കൈമാറുന്നത്. സർക്കാരിന് പിന്തുണ തികയാത്തതിനാലാണ് പാർലമെന്റ് സമ്മേളനം വിളിക്കാത്തത്. ഇവിടെ എന്തൊക്കെ ഇടപാടുകളാണ് നടക്കുന്നത്,” സഞ്ജയ് റാവത്ത് പറഞ്ഞു.
അഞ്ചു വർഷം മുമ്പ് ഒരു എംഎൽഎയെ വാങ്ങാൻ 50 കോടി രൂപയും ഒരു എംപിയെ വാങ്ങാൻ 75 കോടി രൂപയുമായിരുന്നു ബിജെപി വിലയിട്ടിരുന്നതെന്നും, അതുകൊണ്ട് 150 കോടി രൂപ എന്നത് മാന്യമായ ഒരു തുകയാണെന്നും റാവത്ത് പരിഹസിച്ചു. ‘പൊളിറ്റിക്കൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്’ എന്നാണ് ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തങ്ങളുടെ പാർട്ടി വിട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിൽ ചേർന്ന ആറ് എംപിമാർക്ക് 80 കോടി രൂപ വീതം നൽകിയിട്ടുണ്ടെന്നും റാവത്ത് ആരോപിച്ചു.
മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543-ൽ നിന്ന് പരമാവധി 850 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ കൂടുതൾ എംപിമാരെ വിജയിപ്പിച്ചെടുക്കാനും പാർലമെന്റിൽ മുൻതൂക്കം നേടാനുമാണ് ബിജെപി മണ്ഡല പുനർനിർണയത്തിനായി വാദമുയർത്തുന്നത് എന്ന വിമർശനം ശക്തമാണ്. അതേസമയം, 2029-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന് മണ്ഡല പുനർനിർണയം അത്യന്താപേക്ഷിതമാണെന്നാണ് ബിജെപിയുടെ വാദം.
ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് ഏപ്രിൽ 17-ന് ലോക്സഭയിൽ ആവശ്യമായ പ്രത്യേക ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല.