22/11/2026
[fontresizer_tawhidurrahmandear_widget]

‘എഫ്ട്യൂണ്‍ ക്രീം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ എത്രയും വേഗം നിർത്തണം’; കേസുമായി മുന്നോട്ടുപോകുമെന്ന് വൃക്ക തകരാറിലായ പെൺകുട്ടി

 ‘എഫ്ട്യൂണ്‍ ക്രീം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ എത്രയും വേഗം നിർത്തണം’; കേസുമായി മുന്നോട്ടുപോകുമെന്ന് വൃക്ക തകരാറിലായ പെൺകുട്ടി

മലപ്പുറം: എഫ്ട്‌ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്കരോഗം ഉണ്ടായതെന്ന വെളിപ്പെടുത്തലുമായി മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൺസ്യൂമർ കോടതിയെ സമീപിക്കുമെന്നും, നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ എത്രയും വേഗം നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. താൻ എന്തായാലും പ്രയാസപ്പെട്ടെന്നും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നാണ് കരുതുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

“എന്റെ ക്ലാസിലെ നിരവധി കുട്ടികൾ ക്രീം ഉപയോഗിക്കുന്നവരായിട്ടുണ്ട്. പ്രോട്ടീൻ മൂത്രത്തിലൂടെ പോകാൻ തുടങ്ങിയപ്പോഴാണ് ഞാനിത് ഗൗരവത്തിൽ കാണാൻ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നുണ്ടെന്നാണ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ വല്ലതും നേരിടുന്നവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിൽ പറയുക. ആദ്യഘട്ടം ആയതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥയിൽ നിന്നെങ്കിലും രക്ഷപ്പെടാനായത്. എന്റെ സ്‌കിൻ ഇതിനോടകം ഡാമേജ് ആയി. ഇനിയത് തിരിച്ചുപിടിക്കാൻ നല്ല ചികിത്സ വേണം.” പെൺകുട്ടി വ്യക്തമാക്കി. എഫ്ടൺ ക്രീമിന്റെ ഇൻസ്റ്റഗ്രാം പേജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാനില്ലെന്നും അവർ പറഞ്ഞു.

സംഭവത്തിൽ ആരോഗ്യവകുപ്പും ഇടപെട്ടിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ചുമതലപ്പെടുത്തി. പെൺകുട്ടി ഉപയോഗിച്ച ക്രീം ഓൺലൈൻ വഴിയാണോ വാങ്ങിയതെന്നും ഉൽപ്പന്നത്തിന് ഡ്രഗ് കൺട്രോളറുടെ ഔദ്യോഗിക അനുമതിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഡ്രഗ് കൺട്രോളറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തിങ്കളാഴ്ച പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Also read: