മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചു; ഗുരുതരമായ വൃക്കരോഗം തന്നെയും ബാധിച്ചെന്ന് വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂർ
മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം തന്നെയും ബാധിച്ചെന്ന് വെളിപ്പെടുത്തി പ്രമുഖ ഗായകൻ സലീം കോടത്തൂർ. ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച 17-കാരിക്ക് ഉണ്ടായ ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അതേ രോഗാവസ്ഥയാണ് തനിക്കും ഉണ്ടായതെന്നും രോഗകാരണം തിരിച്ചറിയാൻ ശരീരത്തിൽ നടത്താത്ത പരിശോധനകൾ ഒന്നുമില്ലായിരുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.
മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷമാണ് രോഗകാരണം കണ്ടെത്താനായത്. ഒരു വർഷത്തോളം പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കൊച്ചിയിലെ ആശുപത്രിയിൽ മാസത്തിൽ മൂന്ന് ദിവസം അഡ്മിറ്റായി ചികിത്സ തേടേണ്ടി വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുൻപ് കാസർകോട്ടെ ഒരു സുഹൃത്ത് നിർദേശിച്ചതിനെത്തുടർന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചർമത്തിന് മാറ്റം വരികയും നിറം വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നര മാസത്തോളം ക്രീം ഉപയോഗിച്ചതിന് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. മൂത്രത്തിൽ അണുബാധ, കണ്ണിലും കാലിലും നീര്, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് നേരിട്ടത്.
ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. നിരവധി പരിശോധനകൾ നടത്തിയതിന് ശേഷമാണ് ആരോഗ്യപ്രശ്നത്തിന്റെ ഉറവിടം ഫെയർനെസ് ക്രീം ആണെന്ന് കണ്ടെത്തിയത്. തുടർന്ന് മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നെന്നും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ അന്ന് വിധിയെഴുതിയെന്നും വീഡിയോയിൽ സലീം കോടത്തൂർ വ്യക്തമാക്കി.
അമിത അളവിൽ മെർക്കുറി കണ്ടെത്തിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായതായും വിദഗ്ധ ചികിത്സയിലൂടെ ജീവൻ രക്ഷിച്ചതായും മലപ്പുറത്തെ 17-കാരിയും അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അധികൃതരും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തനിക്കും സമാനമായ അനുഭവം ഉണ്ടായതായി ഗായകൻ വെളിപ്പെടുത്തിയത്.