പിതാവിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തു; പശ്ചിമ ബംഗാളിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു. എസ്.ഐ.ആർ നടപടിക്കിടെ പിതാവിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.
സെപ്റ്റംബർ ഒമ്പതിനാണ് കൂച്ച് ബിഹാറിലെ ഖതാമാരി ഗ്രാമത്തിൽ താമസിക്കുന്ന അമീന ഖാത്തൂൻ, ദിൻഹട്ട സബ് ഡിവിഷനൽ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അമീനയും ഭർത്താവ് അബ്ദുൽ ഹബീബും ആശുപത്രിയിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും അപേക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പഞ്ചായത്ത് പ്രസിഡന്റോ എം.എൽ.എയോ നൽകുന്ന താമസസ്ഥല പരിശോധനാ രേഖ വേണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ദിൻഹട്ട മണ്ഡലത്തിലെ എം.എൽ.എ അജയ് റോയിയുടെ ഓഫീസിൽനിന്ന് താമസസ്ഥല പരിശോധനാ രേഖ തേടിയെങ്കിലും, ഹബീബിന് അനുകൂല മറുപടി ലഭിച്ചില്ല. എസ്.ഐ.ആർ നടപടിയുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്തതിനാൽ മകളുടെ ജനന സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് അദ്ദേഹത്തെ അറിയിച്ചത്.
“ഞാൻ ബംഗ്ലാദേശ് പൗരനാണെന്നും അതിനാൽ ആദ്യം ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) പേര് രജിസ്റ്റർ ചെയ്യണമെന്നുമാണ് എം.എൽ.എ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്തിനാണ് ഞാൻ അങ്ങനെ ചെയ്യുന്നത്? ജനിച്ചതു മുതൽ ഇന്ത്യയിലാണ് താമസം. ഖതാമാരിയിലെ എന്റെ വീട് മുത്തച്ഛൻ നിർമിച്ചതാണ്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും അവർ അപേക്ഷ നിരസിച്ചു,” ഹബീബ് പറഞ്ഞു.
എസ്.ഐ.ആർ നടപടിക്കിടെ ഹബീബിന്റെ പേര് മാത്രമല്ല, കുടുംബത്തിലെ മൂന്ന് സഹോദരിമാരുടെ പേരുകളും വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. ഇവരോട് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പിതാവായി ഒരേ വ്യക്തിയുടെ പേര് മറ്റ് ആറുപേർ കൂടി അവകാശപ്പെട്ടതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനെ ‘യുക്തിപരമായ പൊരുത്തക്കേട്’ എന്നാണ് കമ്മീഷൻ വിശേഷിപ്പിച്ചത്.
അതേസമയം, ഹബീബിന്റെ മാതാപിതാക്കളുടെയും, ഭാര്യ അമീന ഖാത്തൂന്റെയും, മൂത്ത സഹോദരിയുടെയും പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വന്തം പേര് വോട്ടർപട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹബീബ് ഇപ്പോൾ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. എന്നാൽ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് നൽകുന്നതിൽ അധികൃതർ തടസ്സം സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) രംഗത്തെത്തി. ജനന രജിസ്ട്രേഷൻ നിയമപരമായ ബാധ്യതയാണെന്നും ഓരോ കുട്ടിക്കും ജനിച്ചയുടൻ രജിസ്ട്രേഷൻ ലഭിക്കാനും നിയമപരമായ വ്യക്തിത്വം ഉറപ്പാക്കാനും അവകാശമുണ്ടെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ കൺവെൻഷനിലെ ഏഴാം അനുച്ഛേദം ഈ അവകാശം ഉറപ്പുനൽകുന്നുണ്ട്.
മാതാപിതാക്കളുടെ വോട്ടർപട്ടികയിലെ സ്ഥിതിയുമായി കുട്ടിയുടെ നിയമപരമായ വ്യക്തിത്വത്തിനുള്ള അവകാശത്തെ ബന്ധിപ്പിക്കരുത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഭരണപരമായ തർക്കം നവജാത ശിശുവിന്റെ മൗലികാവകാശങ്ങൾക്ക് തടസ്സമാകരുതെന്നും, കുഞ്ഞിന് ഉടൻ ജനന സർട്ടിഫിക്കറ്റ് നൽകണമെന്നും സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടു.