അതൊരു ‘ട്രേഡ് സീക്രട്ട്’! എസ്ഐആറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: എസ്ഐആറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ പേരോ പതിപ്പോ പുറത്തുവിടാനാകില്ലെന്നും, വാണിജ്യ രഹസ്യം (ട്രേഡ് സീക്രട്ട്), ബൗദ്ധിക സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയായതിനാൽ വിവരാവകാശ നിയമപ്രകാരം ഇത് വെളിപ്പെടുത്തുന്നതിൽ നിന്ന് ഇളവുണ്ടെന്നുമാണ് കമ്മീഷന്റെ വിശദീകരണം.
തെലങ്കാനയിലെ കരീംനഗർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ എം.എ. മുജീബ് അയ്യൂബ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഒക്ടോബർ 16-ന് നൽകിയ മറുപടിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു അപേക്ഷ. അതേസമയം, എസ്ഐആർ പ്രക്രിയയ്ക്കായി പുതിയതായി യാതൊരു സോഫ്റ്റ്വെയറുകളും വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷൻ മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വോട്ടർമാരുടെ ഡാറ്റയിലെ തെറ്റുകൾ കണ്ടെത്താൻ കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അപേക്ഷകന്റെ പ്രധാന ചോദ്യം. വോട്ടർമാരെ ഒഴിവാക്കുന്നതിനോ തിരുത്തലുകൾ വരുത്തുന്നതിനോ ഈ സിസ്റ്റം സ്വയം പ്രവർത്തിക്കാറുണ്ടോ എന്നും, യഥാർത്ഥ വോട്ടർമാർ പട്ടികയിൽ നിന്ന് തെറ്റായി പുറത്താക്കപ്പെടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് മറുപടിയായാണ് വിവരാവകാശ നിയമത്തിലെ 8(1)(d) വകുപ്പ് പ്രകാരമുള്ള ഇളവ് കമ്മീഷൻ ഉന്നയിച്ചത്. വാണിജ്യ രഹസ്യങ്ങളും ബൗദ്ധിക സ്വത്തവകാശവും വെളിപ്പെടുത്തുന്നത് മൂന്നാം കക്ഷിയുടെ വിപണി മത്സരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കൂടാതെ, വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലും ഒഴിവാക്കുന്നതിലുമുള്ള അന്തിമ തീരുമാനം എടുക്കുന്നത് അതത് മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണെന്നും, രേഖകൾ പരിശോധിച്ച് മാത്രമാണ് അവർ നടപടികൾ സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.