തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയം എൽഡിഎഫിന്റെ പിന്തുണയോടെയാണ് സഭ പാസാക്കിയത്. രാജ്യത്ത് ഇത്തരമൊരു പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പും സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെ അർഹരായ പൗരന്മാരെ കൂട്ടത്തോടെ നീക്കം ചെയ്തതായി പരാതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്കിടെ എൽഡിഎഫും ബിജെപിയും ഭേദഗതികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിയമവിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ടയാളാണെന്നും സഭ പിരിച്ചുവിടണമെന്നും ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി ഗോപകുമാർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇത് തള്ളി. ചീഫ് ഇലക്ടറൽ ഓഫീസർമാർക്കെതിരെ നടപടിയെടുക്കണമെന്ന് സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സഭ ഇത് നിരസിച്ചു.
അതേസമയം, വോട്ടർപട്ടികയിൽ നിന്ന് ‘ലക്ഷക്കണക്കിന് വോട്ടർമാരെ പുറത്താക്കി’ എന്നതിന് പകരം ‘കോടിക്കണക്കിന് വോട്ടർമാരെ പുറത്താക്കി’ എന്ന് മാറ്റണമെന്ന് പിണറായി വിജയൻ വാക്കാൽ ഉന്നയിച്ച ഭേദഗതി പ്രമേയത്തിൽ ഉൾപ്പെടുത്തി. പ്രമേയം തെരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കാനാണെന്ന് ആരോപിച്ച ബിജെപി എംഎൽഎ വി. മുരളീധരൻ ഇതിനെ എതിർത്തു. ഒടുവിൽ ബിജെപിയുടെ കടുത്ത വിയോജിപ്പോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.