18/10/2026
[fontresizer_tawhidurrahmandear_widget]

‘ഭയപ്പെടില്ല, പിന്നോട്ടുപോകില്ല; ഇതൊരു നീണ്ട പോരാട്ടമാണ്’: അഭിജീത് ദിപ്കെ

 ‘ഭയപ്പെടില്ല, പിന്നോട്ടുപോകില്ല; ഇതൊരു നീണ്ട പോരാട്ടമാണ്’: അഭിജീത് ദിപ്കെ

അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സംയുക്തമായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച നടന്ന തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദീപ്കെയ്ക്ക് 24 മണിക്കൂറിന് ശേഷമാണ് മജിസ്ട്രേറ്റ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്തുക, അക്രമ സംഭവങ്ങളിലും അനധികൃത സംഘംചേരലുകളിലും ഏർപ്പെടാതിരിക്കുക എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.

അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് അറസ്റ്റിലായ സൗരവ് ദാസും അശുതോഷ് റങ്കയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് ‘ജയിലിലുള്ള എൻ്റെ സഹോദരങ്ങൾ പുറത്തിറങ്ങാൻ കാത്തിരിക്കുന്നു’ എന്ന് ദിപ്കെ കുറിച്ചിരുന്നു.

Also read: