‘രാമന്റെ ചിത്രം കണ്ടാല് ബിജെപിയുടെ രാമക്ഷേത്ര മോഷണം ഓര്മവരും; അതിനാലാണ് അവര് മുകളില് പോസ്റ്റര് പതിച്ചത്’: അഖിലേഷ് യാദവ്
ലഖ്നൗ: രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എലോൺ മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ബിജെപി സ്ഥാപിച്ച ദസറ പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ പോസ്റ്റർ പതിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം അതിന് താഴെയുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രം മറയ്ക്കാനാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ശ്രീരാമന്റെ ചിത്രം കാണുമ്പോൾ അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ബിജെപിയും കൂട്ടാളികളും നടത്തിയ മോഷണവും തട്ടിപ്പുമാണ് ജനങ്ങൾക്ക് ഓർമ വരുന്നത്. ഈ തിരിച്ചറിവ് ഭരണകൂടത്തിനെതിരെയുള്ള ജനരോഷം വർധിപ്പിക്കുന്നു. അതുകൊണ്ടാണ് ശ്രീരാമന്റെ ചിത്രം അവർ മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു.
മുമ്പ് ലഖ്നൗവിൽ രാമചരിതമാനസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലാത്തിച്ചാർജിന് ഉത്തരവിട്ടതും ഇതേ ബിജെപി സംഘം തന്നെയായിരുന്നു. ക്ഷേത്രത്തിലെ മോഷണത്തിൽ മനംനൊന്ത ഭക്തർ, ഇത്തവണ ദസറയിൽ രാവണന്റെ കോലത്തോടൊപ്പം സംഭാവനകളും കാണിക്കകളും കവർന്ന മൂന്ന് അസുരന്മാരുടെ കോലങ്ങൾ കൂടി കത്തിച്ചേക്കുമോ എന്ന് ബിജെപി ഭയപ്പെടുന്നുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
‘സനാതന ഭാരതത്തിന്റെ ശത്രുവായ രാവണൻ’ എന്ന അടിക്കുറിപ്പോടെ സനാതൻ രക്ഷാ സംഘടനയാണ് വിവാദ ബോർഡുകൾ നഗരത്തിൽ സ്ഥാപിച്ചത്.