‘മോദി സർക്കാർ ഭീരുത്വത്തിൻ്റെ പാരമ്യം; മകൾ നഷ്ടപ്പെട്ട കുടുംബത്തോടുള്ള സമീപനം അങ്ങേയറ്റം ലജ്ജാകരം’: അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിൽ മല്ലികാർജുൻ ഖാർഗെ
മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി സമരം ചെയ്ത മാതാപിതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പോലീസ് നടപടി മോദി സർക്കാരിൻ്റെ ‘ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യ’മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതക കേസിൽ കുടുംബം ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന് സിക്കിം ഗവർണർ പദവി നൽകിയപ്പോൾ, നീതി തേടുന്ന മാതാപിതാക്കളെ ഭരണകൂടം തടവിലാക്കുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. മകൾ നഷ്ടപ്പെട്ട കുടുംബത്തോടുള്ള ഈ സമീപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും അങ്കിതയ്ക്കായുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇന്ത്യാ ഗേറ്റിൽ ധർണയിരുന്ന അങ്കിതയുടെ മാതാപിതാക്കളെയും പവൻ ഖേര, സുപ്രിയ ശ്രീനേതെ തുടങ്ങിയ കോൺഗ്രസ് നേതാക്കളെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരെ മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.
കേന്ദ്ര അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ ഗവർണർ നിയമനം മരവിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ക്രിമിനൽ നടപടികളിൽ നിന്ന് നിയമപരിരക്ഷ നൽകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗൗതമിന്റെ നിയമനം റദ്ദാക്കാൻ 24 മണിക്കൂർ അന്ത്യശാസനം നൽകുന്നതായും കുടുംബം മുന്നറിയിപ്പ് നൽകി. 2022-ൽ കൊല്ലപ്പെട്ട അങ്കിതയുടെ കേസിൽ റിസോർട്ട് ഉടമയടക്കം മൂന്ന് പേർ ശിക്ഷിക്കപ്പെട്ടെങ്കിലും, പിന്നിൽ പ്രവർത്തിച്ച വിഐപി ആരെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.