‘ഗർഭിണിയായ എന്നെ കൈയേറ്റം ചെയ്തു’; രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മാധ്യമപ്രവർത്തക
ന്യൂഡൽഹി: പ്രതിപക്ഷ മാർച്ചിനിടെ മാധ്യമപ്രവർത്തക റിച്ച പരാശർ ആക്രമിക്കപ്പെട്ടെന്ന പരാതിയിൽ ന്യൂഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ശക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് പോലീസ് നടപടി. സംഭവസ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്.
അതിനിടെ, വിഷയത്തിൽ കോൺഗ്രസ്-ബിജെപി പോര് കൂടുതൽ രൂക്ഷമായി. ഗർഭിണിയായ മാധ്യമപ്രവർത്തകയ്ക്ക് നേരെ ഉണ്ടായത് കടുത്ത കൈയേറ്റമാണെന്നും രാഹുൽ ഗാന്ധിക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ തികച്ചും വ്യാജവും ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കോൺഗ്രസ് ആവർത്തിച്ചു. പരാതിക്കാരിക്ക് ചികിത്സ നൽകിയ ആശുപത്രി അധികൃതർ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പോലീസ് നിയമോപദേശം തേടിയ ശേഷമായിരിക്കും കേസ് എടുക്കുന്നതിൽ അന്തിമ തീരുമാനത്തിലെത്തുക.