‘ഡൽഹി ജയിലായി മാറി; ഗ്യാനേഷിന് രക്ഷപ്പെടാനാകില്ല; ഞങ്ങൾ വെറുതെ വിടില്ല’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തലസ്ഥാന നഗരിയെ ജയിൽ സമാനമായ അവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഡൽഹിയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ യുവാക്കൾക്ക് നേരെ ബലപ്രയോഗത്തിനും മർദനത്തിനും നിർദേശം നൽകുന്നതിൽ ഡൽഹി പൊലീസിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധക്കാർ നേരിട്ട അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിസന്ധികൾ വന്നെത്തിയാലും സമരം തുടരാൻ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടുദിവസത്തെ സമരം കൊണ്ട് മാറ്റമുണ്ടാകില്ലെന്നും ലക്ഷ്യം നേടുന്നത് വരെ സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം തങ്ങളുടെ ഭാഗത്തായതിനാൽ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
ഗ്യാനേഷ് കുമാർ രാജിവയ്ക്കാത്തത് കേന്ദ്രസർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് രാഹുൽ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും, “നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല, ഞങ്ങൾ വെറുതെ വിടില്ല” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രപതി ആവശ്യപ്പെട്ട തെളിവുകൾ കൈമാറുമെന്നും, കുറ്റവാളിയായ ഗ്യാനേഷിന് വേണമെങ്കിൽ മാപ്പുസാക്ഷിയാകാമെന്നും തങ്ങൾ അതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിന്റെ അടുത്ത ഘട്ടമായി സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഉച്ചയ്ക്ക് കൊണാട്ട് പ്ലേസിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.