‘നേര്‍ക്ക് നേര്‍ വരാന്‍ ധൈര്യമില്ല; ആര്‍എസ്എസുകാര്‍ മോദിയെപ്പോലെ ബുള്ളികള്‍; അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ’: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്നും നേര്‍ക്ക് നേര്‍ വരാന്‍ ഭയപ്പെടുന്ന ഇവര്‍ക്ക് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമാണ് അറിയാവുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12-ന് നടന്ന ഡല്‍ഹി ചലോ മാര്‍ച്ചനുശേഷം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാഹുലിന്റെ വിമര്‍ശനം.
ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുള്ളതിനാല്‍ ഈ ദിവസം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. അടിച്ചമര്‍ത്താനോ ഭയപ്പെടുത്താനോ ഉള്ള നീക്കങ്ങളെ അംഗീകരിക്കില്ല. ദല്‍ഹി ചലോ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരുമടക്കം പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. രണ്ടു ദിവസം മുമ്പ് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച ആര്‍എസ്എസ്സിലെ ഭീരുക്കള്‍ പ്രതിഷേധ സമയത്ത് എവിടെയായിരുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ അണിനിരന്നപ്പോള്‍ എന്തുകൊണ്ടാണ് പുറത്തുവരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തുന്നവര്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ഒറ്റ പ്രതിഷേധമാണിതെന്നും ഇതില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഡല്‍ഹി ചലോ പ്രതിഷേധത്തില്‍ പങ്കെടുത്ത സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും ഇന്ത്യ സഖ്യത്തിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവരും ഒരു ടീമിനെപ്പോലെ പ്രവര്‍ത്തിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.